തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ മത- സാമുദായിക സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകുന്നതിനു വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ശാസ്ത്ര- സാഹിത്യ- ജീവകാരുണ്യ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, മറ്റു സംഘടനകള്‍ എന്നിവയുടെ ഭാരവാഹികളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇക്കാര്യം ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കേണ്ടതാണെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഭാരവാഹിത്വം പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നു സര്‍ക്കാര്‍ നിരീക്ഷിക്കുന്നപക്ഷം ഇവര്‍ വഹിക്കുന്ന സ്ഥാനം രാജിവയ്ക്കേണ്ടിവരും.
സൊസൈറ്റികളിലോ ട്രസ്റ്റുകളിലോ സംഘടനകളിലോ ഭാരവാഹിത്വം വഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇവയുടെ പേരില്‍ വ്യക്തികളില്‍ നിന്നോ പൊതു- സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണമോ വരിസംഖ്യയോ മറ്റു വിധത്തിലുള്ള സാമ്പത്തിക സഹായമോ പാരിതോഷികമോ സ്വീകരിക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാമെന്നു വ്യവസ്ഥചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ മത- സാമുദായിക സംഘടനകളില്‍ അംഗങ്ങളാണെന്ന പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണു നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹിത്വം വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ നേരത്തേ തന്നെ വിലക്കികൊണ്ടു നിയമമുണ്ട്. 1960ലെ സര്‍ക്കാര്‍ പെരുമാറ്റച്ചട്ടത്തിന്റെ 40-ാം വകുപ്പിലാണ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ഉപ വകുപ്പ് 61, 67, 71 പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകാനോ സഹായിക്കാനോ പാടില്ല. നിലവിലുള്ള നിയമത്തില്‍ പരിമിതികളുണെ്ടന്ന പരാതിയെത്തുടര്‍ന്നാണു നിയമ ഭേദഗതി കൊണ്ടുവന്നത്.
Discussion about this post