ന്യൂഡല്‍ഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരായ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവ്യവസ്ഥയെ ബാധിച്ച ഏറ്റവും വലിയ രോഗമാണ് അഴിമതി. നിയമത്തിന്റെ പങ്ക് ശക്തമാക്കണമെങ്കില്‍ ജുഡീഷ്യറി അഴിമതിരഹിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റീസ് കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മികതയില്‍ ഉറച്ചുനില്ക്കുന്ന നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ ഭാരതം ലോകത്തിനു തന്നെ മാതൃകയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കും. സ്വതന്ത്രമായ നീതിപീഠം എപ്പോഴും നിരപരാധികളുടെ രക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജുഡീഷ്യറിയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ജുഡീഷ്യല്‍ നിയമനബില്ലിനെക്കുറിച്ച് അദ്ദേഹം നേരിട്ടു പരാമര്‍ശിച്ചില്ല.












