ബാംഗ്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയും. അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസില്‍ ബാംഗ്ലൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യ നാലു പ്രതികള്‍ക്കും നാലുവര്‍ഷം തടവുശിക്ഷയും മറ്റ് മൂന്നു പ്രതികള്‍ക്കും പത്തുകോടി രൂപ വീതം പിഴ അടക്കാനും കോടതി ഉത്തരവിട്ടു.അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിപദം നഷ്ടമാകുന്ന ആദ്യവ്യക്തിയാണ് ജയലളിത. ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല.
മൂന്ന് വര്‍ഷത്തിനുമേല്‍ ശിക്ഷ വിധിച്ചതിനാല്‍ പ്രത്യേക കോടതിക്ക് ജയലളിതയ്ക്ക് ജാമ്യം നല്‍കാനാവില്ല. അതിനാല്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് വരെ ജയലളിതയെ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ താമസിപ്പിക്കേണ്ടി വരും.
ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ജയലളിത 66.55 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയാണ് കോടതിയെ സമീപിച്ചത്.












