ചെന്നൈ: ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണ് പനീര്‍ശെല്‍വത്തെ നിയമസഭാകക്ഷി നേതാവും മുഖ്യമന്ത്രിയുമായി തിരഞ്ഞെടുത്തത്. പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി ജയലളിതയെ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. തമിഴ്നാട് നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 151-അംഗങ്ങളാണ് എ.ഐ.എ.ഡി.എം.കെ.യ്ക്കുള്ളത്. ഡി.എം.ഡി.കെ.- 28, ഡി.എം.കെ.-23 എന്നിങ്ങനെയാണ് സീറ്റ് നില.
ഇത് രണ്ടാം തവണയാണ് ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത്. 2001 സപ്തംബറില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നപ്പോഴാണ് പനീര്‍ശെല്‍വം ആദ്യം മുഖ്യമന്ത്രിയായത്. ആറുമാസത്തിനുശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞുകൊടുത്തു. തേനി ജില്ലയില്‍ ബോഡിനായ്ക്കനൂര്‍ നിയമസഭാമണ്ഡലത്തെയാണ് പനീര്‍ശെല്‍വം പ്രതിനിധീകരിക്കുന്നത്.












