തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ 1225 ആശുപത്രികളിലും 6003 സബ്‌സെന്ററുകളിലും ഹരിത – ശുചിത്വ പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. ചികിത്സാ കേന്ദ്രങ്ങള്‍ക്ക് അകത്തും പുറത്തും സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിനും ഔഷധസസ്യങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തി പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുളള കര്‍മ്മ പദ്ധതിയാണിത്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പദ്ധതി വന്‍ വിജയമാക്കാനും തുടര്‍ച്ചയായി നിലനിര്‍ത്താനും സാധിക്കുമെന്ന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും നല്ല രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കായി മഹാത്മജി നിര്‍മ്മല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സബ് സെന്ററുകള്‍, പി.എച്ച്.സി. കള്‍, സി.എച്ച്.സി. കള്‍, താലൂക്ക്- ജില്ല- ജനറല്‍ ആശുപത്രികള്‍ എന്നീ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുക. അടുത്ത ഗാന്ധിജയന്തി ദിനത്തില്‍ ഇവ വിതരണം ചെയ്യുന്നെമ് മന്ത്രി പറഞ്ഞു. ആശുപത്രികളിലെ ശുചിത്വ പരിശോധന കര്‍ശനമാക്കുകയും പി.എച്ച്.സി. കളിലും സി.എച്ച്.സി കളിലും അതത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുമാണ് ശുചിത്വ പരിശോധന നടത്തുന്നത്. മാലിന്യ സംസ്‌കരണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കും. കെ.മുരളീധരന്‍ എം.എല്‍.എ., മേയര്‍ അഡ്വ.കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. അന്‍സജിത റസ്സല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജമീല, കൗണ്‍സിലര്‍മാരായ കുമാരി പത്മനാഭന്‍, പാളയം രാജന്‍, സംസ്ഥാന ഔഷധ സസ്യബോര്‍ഡ് സി.ഇ.ഒ കെ.ജി. ശ്രീകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.ഷിറാബുദ്ദീന്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
Discussion about this post