ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. ജനാധിപത്യവ്യവസ്ഥയില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജീവവായു പോലെയാണ്. എന്നാല്‍ ഭാഗവതിന്റെ പ്രസംഗം സംപ്രേക്ഷണം ചെയ്തതു സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന വിവാദം ദേശദ്രോഹികളുടെ കൈയടി നേടാനേ ഉപകരിക്കൂ. ആര്‍എസ്എസിന്റെ തൊണ്ണൂറാം വാര്‍ഷികദിനമായ വെള്ളിയാഴ്ച ഭാഗവത് നല്‍കിയ വിജയദശമി സന്ദേശം ഭാരതത്തിന്റെ പൂര്‍വകാല മഹിമകളേയും വര്‍ത്തമാനകാല പ്രശ്‌നങ്ങളെയും ഭാവിയില്‍ ലോകത്തിനായുള്ള ഈ രാഷ്ട്രത്തിന്റെ കടമകളെയും കുറിച്ച് വ്യക്തമാക്കുന്നതാണ്.
ഭാഗവത് പ്രസംഗത്തിലൂടെ പറഞ്ഞകാര്യങ്ങള്‍ സാമൂഹികപ്രസക്തിയുള്ളതാണ്. ഭാരതമെന്ന രാഷ്ട്രത്തെ വിശ്വഗുരുവാക്കാനുള്ള മോഡിസര്‍ക്കാരിന്റെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. ഭാരതത്തെ അമ്മയായി കരുതുന്ന ഒരു പ്രസ്ഥാനത്തിന്റെ മേധാവിയായ ഭാഗവത് പറഞ്ഞകാര്യങ്ങളിലൊന്നും ആര്‍ക്കും എതിര്‍പ്പുള്ളതായി തോന്നുന്നില്ല. എന്നാല്‍ ദൂരദര്‍ശന്‍ ഭാഗവതിന്റെ പ്രസംഗം പൂര്‍ണമായും സംപ്രേക്ഷണം ചെയ്തതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിജയദശമി സന്ദേശം ദൂരദര്‍ശനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. പത്തോളം ദേശീയ ചാനലുകളും ഭാഗവതിന്റെ പ്രസംഗം തത്സമയം തന്നെ സംപ്രേക്ഷണം ചെയ്തു.
സര്‍സംഘചാലകിന്റെ പ്രസംഗം ശ്രവിച്ച ഓരോ ഭാരതീയനും അഭിമാനപുളകിതനായിട്ടുണ്ടാകും. ആര്‍എസ്എസിനെക്കുറിച്ച് എപ്പോഴും പറയുന്നത് ഹിന്ദുവര്‍ഗീയവാദ സംഘടനയെന്നാണ്. ഭാരതത്തിന്റെ സംസ്‌കാരം ഹൈന്ദവമാണ്. ആ സംസ്‌കാരത്തിലൂടെ രൂപപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതുതന്നെയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അത് കപടമതേതരവാദികള്‍ കരുതുന്നതുപോലെയുള്ള ഹിന്ദുരാഷ്ട്രമല്ല. മറിച്ച് എല്ലാമതസ്ഥര്‍ക്കും തുല്യനീതിയും തുല്യഅവസരം നല്‍കുന്നതും ആരോടും പ്രീണനമില്ലാത്തതുമായ ഒരു രാഷ്ട്രമാണ്. ഹൈന്ദവദര്‍ശനത്തിന്റെ പൊരുള്‍ തന്നെ സമഭാവനയാണ്. എല്ലാവിശ്വാസങ്ങളെയും മാനിക്കുകയും നല്ലതെല്ലാം സ്വാംശീകരിക്കുകയും ചെയ്യുന്ന വിശാലമായ ഒരു ഹൃദയം ഭാരതത്തിനുണ്ട്. അതാണ് ഹിന്ദു എന്നനിലയില്‍ ഈ രാജ്യത്തെ ഓരോ പൗരനും ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നതിനു പ്രേരകമായ ദര്‍ശനമഹിമ.
ഈ ആദര്‍ശത്തിനുവേണ്ടി നിലകൊള്ളുന്ന ആര്‍എസ്എസിനെതിരെയാണ് കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ ദേശവിരുദ്ധശക്തികളുടെ കുഴലൂത്തുകാരെ പോലെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശനശരം തൊടുക്കുന്നത്. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയുള്ള ശക്തമായ നിലപാട്, ലൗജിഹാദിനെതിരെയുള്ള പ്രചാരണം, മതപരിവര്‍ത്തനത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ എന്നിവയൊക്കെയാണ് കപടമതേതരവാദികള്‍ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയായി വ്യാഖ്യാനിക്കുന്നത്.
നരേന്ദ്രമോഡിസര്‍ക്കാരിലൂടെ ഭാരതം സാംസ്‌കാരികമായും ഭൗതികമായും ഒരു കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയാണ്. ബിജെപിയുടെ പിന്നിലെ പ്രേരകശക്തി ആര്‍എസ്എസ് തന്നെയാണ്. ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കാനുള്ള ചുവടുവയ്പ്പാണ് ആരംഭിച്ചിരിക്കുന്നത്. ആ യാത്ര സഫലമാകാതെ വയ്യ. കോണ്‍ഗ്രസും ഇടതുപക്ഷവുമൊക്കെ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയി തുടങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിയുന്നു. ഹിന്ദു എന്ന് ഉച്ഛരിച്ചാല്‍ അത് വര്‍ഗീയവും ഹിന്ദുവിരുദ്ധമായതൊക്കെ മതേതരത്വവുമെന്ന കപടവീക്ഷണം ഭൂരിപക്ഷഹൈന്ദവസമൂഹം തന്നെ മനസിലാക്കി കഴിഞ്ഞു. ഈ വേവലാതി കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തിനെയുമൊക്കെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ആ അവസരത്തില്‍ അടിക്കാന്‍ വീണുകിട്ടിയ കേവലം ഒരു ഉണങ്ങിയ വടി മാത്രമാണ് ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതു സംബന്ധിച്ചുണ്ടാക്കിയ വിവാദം.
Discussion about this post