തിരുവനന്തപുരം: പാര്‍വ്വതീപുത്തനാര്‍ ശുചീകരണം നവംബര്‍ അവസാനവാരം ആരംഭിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മൂന്നാറ്റുമുക്ക്, ആക്കുളം, കഠിനംകുളം ഭാഗങ്ങളിലെ പായലും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കുന്ന ഏഴരക്കോടി രൂപയുടെ പദ്ധതിയാണ് ആരംഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഇതു സംബന്ധിച്ച് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറ്റുമുക്കുമുതല്‍ വള്ളക്കടവുവരെ ആറിന്റെ ഇരു കരകളിലും പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ച് ഈ പ്രദേശങ്ങളിലെ കക്കൂസ് മാലിന്യങ്ങള്‍ മുട്ടത്തറ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്ന നാലു കോടി രൂപയുടെ പദ്ധതി ഉടന്‍ ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആറിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. തലസ്ഥാന ത്വരിത വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. തെക്കിനിക്കര കനാല്‍ മാലിന്യമുക്തമാക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കി സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ഏല്‍പ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കുര്യാത്തി സിവറേജ് സ്‌കീമിന്റെ പ്രവര്‍ത്തനക്ഷമമല്ലാത്ത മൂന്ന് പമ്പ് സെറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. രണ്ട് കോടിരൂപ ചെലവുവരുന്ന പദ്ധതിയാണിത്. തകരപ്പറമ്പ് മുതല്‍ ശ്രീകണ്‌ഠേശ്വരം വരെ പുതിയ സിവറേജ് ലൈന്‍ സ്ഥാപിക്കുന്നതിന്, വാട്ടര്‍ അതോറിറ്റിയിലെയും കേരള റോഡ് ഫണ്ട് ബോര്‍ഡിലേയും ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പുത്തന്‍പള്ളി, മുട്ടത്തറ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കല്ലടിമുഖം, കരിമ്പുവിള, പൂന്തുറ-ജെയ്ക ജലവിതരണ-വിപുലീകരണ പദ്ധതി 20 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി ജലവിതരണം സുഗമമാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ബീമാപള്ളിയില്‍ പുലിമുട്ട് നിര്‍മ്മാണത്തിന് പരിസ്ഥിതി ആഘാതപഠനം നടത്താന്‍ മദ്രാസ് ഐഐറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ 8 ലക്ഷം രൂപ ധനകാര്യവകുപ്പിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വലിയതുറ കടല്‍ഭിത്തി നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എ.ഐ.ബി.പി സ്‌കീമില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭ്യമാക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, വാട്ടര്‍ അതോറിറ്റി എം.ഡി. അശോ ക് കുമാര്‍ സിംഗ്, സിവറേജ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മധു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗ്രേസി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post