തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതിവിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോടതിയെ എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ രീതിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതാണ് കാരണം. ഇതിനാല്‍, ദേശീയപാതാ വികസനത്തിനായി ഭൂമി അടിയന്തരമായി ഏറ്റെടുത്തേ മതിയാകൂ. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത 17-ന്റെയും 47-ന്റെയും വികസനമാണ് നടപ്പാക്കുന്നത്. ദേശീയപാതയ്ക്കും എല്‍എന്‍ജി പൈപ്പ് ലൈനിനും ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും. ഭൂവുടമകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിന്റെ 80 ശതമാനം ചെലവും സര്‍ക്കാര്‍ വഹിക്കും. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് വിപണിവില ലഭിക്കുമെന്ന് ഉറപ്പാക്കും. അതേസമയം, ഭൂമി നല്‍കില്ലെന്ന നിലപാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post