ബിലാസ്പുര്‍: ബിലാസ്പൂരില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലായി. ഡോ.ആര്‍.കെ ഗുപ്തയാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ബൊലോഡ ബസാര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 50,000 ശസ്ത്രക്രിയകള്‍ നടത്തി റിക്കാര്‍ഡിട്ടതിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ച ഡോക്ടറാണ് ഗുപ്ത. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഗുപ്തയ്ക്ക് ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളാണ് പുരസ്‌കാരം നല്‍കിയത്. കഴിഞ്ഞ ദിവസം വിവാദമായ ശസസ്ത്രക്രിയയും റിക്കാര്‍ഡ് വേഗത്തിലാണ് ശര്‍മ്മ പൂര്‍ത്തിയാക്കിയത്. അഞ്ചു മണിക്കൂറിനിടെ 83 ശസ്ത്രക്രിയകളാണ് അന്ന് അയാള്‍ നടത്തിയത്. കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകള്‍കൂടി മരിച്ചതോടെ വന്ധ്യംകരണ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 14 ആയി.
എന്നാല്‍ യുവതികള്‍ മരിക്കാനിടയായത് ശസ്ത്രക്രിയയിലെ പിഴവല്ല മരുന്നുകളുടെ കാലപ്പഴക്കമാണെന്ന് ഡോ. ഗുപ്ത പറഞ്ഞു. ശസ്ത്രക്രിയയുടെ എണ്ണം തികയ്ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ദിവസം 50 വന്ധ്യകരണ ശസ്ത്രക്രിയകള്‍ മാത്രമേ നടത്താവൂയെന്നും ഒരു ഡോക്ടര്‍ ദിവസം പരമാവധി 10 ശസ്ത്രക്രിയ ചെയ്യാവുള്ളൂയെന്നും ചട്ടങ്ങള്‍ നിലനില്‍ക്കെയാണ് ഡോ. ഗുപ്ത റിക്കാര്‍ഡ് സര്‍ജറികള്‍ നടത്തിയത്. അഞ്ചു മണിക്കൂറിനിടെ 83 ശസ്ത്രക്രിയകളാണ് ഗുപ്ത നടത്തിയത്.
ബിലാസ്പുരിലെ പണ്ഡാര, ഗോറില്ല, മര്‍വാഹി എന്നീ പ്രദേശങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളില്‍ അറുപതോളം വന്ധ്യംകരണ ശസ്ത്രക്രിയകളാണു സര്‍ക്കാര്‍ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്നത്. ഇതില്‍ പങ്കെടുത്ത സ്ത്രീകളാണു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. 18 സ്ത്രീകളെ ഛത്തീസ്ഗഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും മറ്റുള്ളവരെ ബിലാസ്പുരിലെ മറ്റു ആരോഗ്യകേന്ദ്രങ്ങളിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഛര്‍ദിയും ശക്തമായ വയറുവേദനയും താഴ്ന്ന രക്തസമ്മര്‍ദവും മൂലം ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.
അതിനിടെ, വന്ധ്യംകരണ ക്യാമ്പുകളില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീകളെയും കൂടുതല്‍ പരിശോധനകള്‍ക്കു വിധേയരാക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. മേഖലയില്‍ മൂന്നുദിവസമായി നടന്ന വന്ധ്യംകരണ ക്യാമ്പുകളില്‍ പങ്കെടുത്തു ശസ്ത്രക്രിയയ്ക്കു വിധേയരായത് എണ്‍പതിലധികം സ്ത്രീകളാണ്.
Discussion about this post