തിരുവനന്തപുരം: സമ്പൂര്‍ണ രോഗപ്രതിരോധ ശേഷിയുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ആയുര്‍വേദ രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം. ഇതിനായി തിരുവനന്തപുരം ആയുര്‍വേദ കോളേജ് മുന്‍കൈയെടുക്കണമെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് അങ്കണത്തില്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥികളുടെ ഇരുപത്തിയൊന്‍പതാമത് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിരുദം നേടുന്നതിനപ്പുറം ഓരോ വിദ്യാര്‍ത്ഥികളും സവിശേഷ വ്യക്തിത്വമായി അറിയപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രോഗ ചികിത്സയ്ക്ക് പകരം മനുഷ്യശരീരത്തെ പൂര്‍ണമായി രോഗപ്രതിരോധശേഷിയുള്ളതാക്കി മാറ്റുക എന്നതാവണം ആയുര്‍ദേ ചികിത്സ ലക്ഷ്യമിടേണ്ടത്. ആയുര്‍വേദ കോളേജ് അതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ആ ലക്ഷ്യം സാധ്യമാകും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ആയുര്‍വേദ വിപണിയില്‍ ഇപ്പോള്‍ കടുത്ത മത്സരം നടക്കുകയാണ്. ചൈനയും ജപ്പാനുമാണ് മുന്നില്‍. ആയുര്‍വേദ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ പന്ത്രണ്ട് പ്രമുഖ ജൈവവൈവിധ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഔഷധസസ്യങ്ങളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യനെ വേദനകളില്‍ നിന്നകറ്റി ആത്മാവിന് ചൈതന്യം പകര്‍നല്‍കുന്നതാകണം ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചു കഴിഞ്ഞതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. പല പഞ്ചായത്തുകളിലും രണ്ട് ഡിസ്‌പെന്‍സറികള്‍ വീതമാണുള്ളത്. എഴുപത്തിയഞ്ചോളം പഞ്ചായത്തുകളില്‍ എന്‍.ആര്‍.എച്ച്.എം പദ്ധതി പ്രകാരമാണ് ഡിസ്‌പെന്‍സറികള്‍ സ്ഥാപിച്ചിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങളാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യയില്‍ പകുതിയിലധികം പേരും ജീവിതശൈലീ രോഗത്തെക്കുറിച്ച് അജ്ഞരാണ്. ഇതിനായി ബോധവത്ക്കരണം ആവശ്യമാണ്. ജീവിതശൈലീ രോഗം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ സര്‍വകലാശാല സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ബിരുദം നേടിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡോ. എ.പി.ജെ അബ്ദുള്‍കലാം വിതരണം ചെയ്തു. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.കെ. അശോക്, കേരള സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. വി. വീരമണികണ്ഠന്‍, ഡോ. ടി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post