തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളും ചികിത്സയ്‌ക്കെത്തുന്നവരുടെ ആവശ്യങ്ങളും പരിഗണിച്ചുമാത്രമേ പഴയ ഗവ. മെഡിക്കല്‍ കോളേജുകളില്‍ കൂടുതലായുള്ള ഡോക്ടര്‍മാരെ മഞ്ചേരിയിലും ഇടുക്കിയിലും ആരംഭിച്ച പുതിയ ഗവ. മെഡിക്കല്‍ കോളേജുകളിലേക്ക് പുനര്‍വിന്യസിപ്പിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെ ചുമതലപ്പെടുത്തി. എറണാകുളം കാന്‍സര്‍ സെന്ററിന്റെ വാര്‍ഷിക പദ്ധതിപ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഈ മാസം ഒന്നിന് ആരംഭിച്ച സുകൃതം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. ആര്‍.സി.സി യിലെ 145 പേര്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കാന്‍സര്‍ രോഗികളാണ് ഇതിനകം പദ്ധതിയുടെ ഗുണഭോക്താക്കളായി സൗജന്യ ചികിത്സ നേടുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനവകുപ്പ്), ഡോ. കെ.എം. എബ്രഹാം, എന്‍എച്ച്എം ഡയറക്ടര്‍ ഡോ. മിന്‍ഹാജ് ആലം, ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. എം. ബീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, ആര്‍.സി.സി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എന്‍. ശ്രീധര്‍, പുതിയ മെഡിക്കല്‍ കോളേജുകളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍. പിള്ള, വിവിധ മെഡിക്കല്‍ കോളേജുകളുടെ പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post