ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ശരിവച്ചു. ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കെജിഎസ് ഗ്രൂപ്പ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.
വിമാനത്താവളത്തിനുവേണ്ടി പരിസ്ഥിതി ആഘാത പഠനം (ഇഐഎ) നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് പഠനം നടത്തുന്നതിനോ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്കു മുമ്പാകെ ഹാജരാവുന്നതിനോ ഉള്ള യോഗ്യതയില്ലെന്ന ട്രൈബ്യൂണല്‍ ഉത്തരവും പരമോന്നത കോടതി ശരിവച്ചു. കെജിഎസ് ഗ്രൂപ്പ് നല്‍കിയ അപ്പീല്‍ ഹര്‍ജി ചീഫ് ജസ്റ്റീസ് എച്ച്. എല്‍. ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെയാണ് ആദ്യമായി പരിഗണിച്ചത്. ട്രൈബ്യൂണല്‍ വിധിക്കെതിരേ ശരിയായ രീതിയില്‍ വാദങ്ങള്‍ ഉയര്‍ത്താന്‍ പോലും കോടതി സമയം അനുവദിച്ചില്ല.
പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള യോഗ്യത ഏജന്‍സിക്ക് ഇല്ലെങ്കില്‍ കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തിയിട്ട് കാര്യമില്ലെന്നു വ്യക്തമാക്കിയ കോടതി, ഏജന്‍സി പിന്നീട് യോഗ്യത നേടിയിട്ടുണെ്ടന്ന വിമാനത്താവളം അധികൃതരുടെ വാദം പരിഗണിച്ചതേയില്ല.
ചെന്നൈ, റായ്പുര്‍, വഡോദര വിമാനത്താവളങ്ങള്‍ക്കുവേണ്ടി പഠനം നടത്തിയത് എന്‍വിറോ കെയര്‍ ആയിരുന്നെന്നും എന്‍വിറോകെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി 2010 ഓഗസ്റ്റില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയിരുന്നതായും കെജിഎസ് ഗ്രൂപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരന്‍ വാദിച്ചു.
വിമാനത്താവളം പോലെ പരിസ്ഥിതിക്കു വലിയ തോതില്‍ നാശം വരുത്തുന്ന എ കാറ്റഗറി പദ്ധതികളെക്കുറിച്ചുള്ള പഠനത്തിനായി അപേക്ഷ അംഗീകരിച്ചതിനു ശേഷം പിന്നീട് സര്‍ക്കാര്‍ ഈ വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ തള്ളിയ കോടതി, പരി സ്ഥിതി നാശം മറ്റെന്തെങ്കിലും നടപടിയിലൂടെ പരിഹരിക്കാവുന്ന ബി കാറ്റഗറിയില്‍ വരുന്ന പദ്ധതികള്‍ക്ക് ഇഐഎ പഠനം നടത്താന്‍ മാത്രമേ കമ്പനിക്ക് യോഗ്യതയുള്ളൂയെന്നു നിരീക്ഷിച്ചു. ആറന്മുള വിമാനത്താവളത്തിന്റെ കാര്യം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും മറ്റു വിമാനത്താവളങ്ങളുടെ കാര്യത്തില്‍ പരാതി വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതേത്തുടര്‍ന്നു പത്തു മിനിട്ടിനു ശേഷം ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ മേയ് 28നാണ് ആറന്മുള വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതികാനുമതി ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കിയത്.
പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനു യോഗം സംഘടിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെ ന്നും ട്രൈബ്യൂണല്‍ വിലയിരുത്തി.
Discussion about this post