♦ മെഡിക്കല്‍ കോളേജിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ്
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ നിന്ന് പ്രമുഖ ഓഫീസുകളിലേക്കുള്ള ഗതാഗതസൗകര്യമൊരുക്കുന്ന രീതിയില്‍ കെ.എസ്. ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. കൂടാതെ മെഡിക്കല്‍ കോളേജിലേക്കും വിമാനത്താവളത്തിലേക്കും തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ നിന്ന് ബസ് സര്‍വീസുകള്‍ ആരംഭിക്കും.
നഗരത്തില്‍ ഷെയര്‍ ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച യോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ തമ്മില്‍ അഭിപ്രായസമന്വയത്തില്‍ എത്താത്തതിനാലാണ് ജനങ്ങളുടെ യാത്രാക്ലേശം കുറയ്ക്കാന്‍ പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാവിലെ ഒന്‍പതരമുതല്‍ പത്തരവരെ 10 മിനിറ്റ് ഇടവിട്ട് റെയില്‍വേ സ്‌റ്റേഷനുമുന്നില്‍നിന്ന് കെ.എസ്. ആര്‍.ടി.സിയുടെ സര്‍ക്കുലര്‍ സര്‍വീസുകള്‍ തുടങ്ങും. ഈ സര്‍വീസുകള്‍ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍, കോര്‍പറേഷന്‍ ഓഫീസ്, പബ്‌ളിക് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ വെള്ളയമ്പലം, തൈക്കാട് വഴി തിരികെ തമ്പാനൂര്‍ എത്തും. ഇതേ റൂട്ടില്‍ തിരിച്ചും സര്‍വീസുകള്‍ നടത്തും. രാവിലെ ട്രെയിനില്‍ ഈ ഓഫീസുകളിലേക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ക്കും സര്‍വീസുകള്‍ ഏറെ ഗുണകരമാകും. ഇതിനുപുറമേ, അമൃത, രാജ്യറാണി എക്‌സ്പ്രസുകളില്‍ എത്തുന്നവരുടെ സൗകര്യാര്‍ത്ഥം രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് നോണ്‍ സ്‌റ്റോപ്പ് ബസ് സര്‍വീസ് തുടങ്ങും. വിവിധ സ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കെത്തുന്നവര്‍ക്കും മറ്റും ഇത് അനുഗ്രഹമാകും. ഇതിനുപുറമേ, ആവശ്യമെങ്കില്‍ ടെക്‌നോപാര്‍ക്ക്, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് കൂടുതല്‍ എ.സി ഷട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ജില്ലാ കളക്ടറെ അറിയിച്ചു. പുതിയ സര്‍വീസുകള്‍ അധികം വൈകാതെ തുടങ്ങാനാണ് തീരുമാനം.
തമ്പാനൂരില്‍ നിന്ന് ഹ്രസ്വദൂരങ്ങളിലേക്ക് ഷെയര്‍ ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് വിവിധ യൂണിയനുകളുടെ അഭിപ്രായമാരായാനാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്. എന്നാല്‍ ഏതാനും ചില യൂണിയനുകള്‍ എതിര്‍ത്തതിനാല്‍ ഷെയര്‍ ടാക്‌സി നടപ്പാക്കല്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. എന്നിരുന്നാലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് പുതിയ സൗകര്യപ്രദമായ സര്‍വീസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
Discussion about this post