തിരുവനന്തപുരം: ജനാധിപത്യത്തിന്റെ യഥാര്‍ഥ ശക്തി തോക്കിലും ലാത്തിയിലുമല്ലെന്നും അത് ജനങ്ങളുടെ വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഴിമതി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പലതും ജനാധിപത്യത്തില്‍ നിന്നും വഴുതിപ്പോയത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നുവെന്നും പൊതുജനങ്ങള്‍ക്ക് തോന്നലുണ്ടാകുമ്പോഴാണ് സര്‍ക്കാരുകള്‍ക്ക് തകര്‍ച്ചയുണ്ടാകുന്നത്. ജനാധിപത്യത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിന് അഴിമതിരഹിതവും പക്ഷഭേദമില്ലാത്തതും നീതി ലഭ്യമാകുന്നതും എല്ലാവര്‍ക്കും പരിഗണന ലഭിക്കുന്നതുമായ സാഹചര്യമാണുണ്ടാകേണ്ടത്. അഴിമതി രഹിത സംവിധാനമാണ് ജനാധിപത്യത്തിന്റെ ശക്തിയുടെ അടിത്തറ. അഴിമതിക്കെതിരായ പ്രവര്‍ത്തനം നിയമം കൊണ്ടു മാത്രം നടപ്പാകില്ല. കുറ്റം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. എന്നാല്‍ നിയമത്തിന് എത്രപേരെ പിടികൂടാനാകും എന്ന ചോദ്യവും ഉയരുന്നുണ്ട്. അഴിമതിരഹിത സംവിധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് സഹായകമായി സമൂഹത്തിന്റെ ശക്തമായ പിന്തുണ ഉണ്ടാകണം. നിയമം നിയമത്തിന്റെ വഴിക്ക് ശക്തമായി മുന്നോട്ട് പോകുമ്പോള്‍ സാമൂഹ്യ മനസാക്ഷിയും അഴിമതിക്കെതിരേ ശക്തമായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന തോന്നല്‍ സമൂഹത്തില്‍ ഉണ്ടായിവരുന്നത് തുടക്കത്തിലേ ഇല്ലാതാക്കേണ്ടതുണ്ട്. അതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിശാല താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളണം. മൂല്യാധിഷ്ഠിത സമൂഹവും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടാകണം. എങ്കില്‍ മാത്രമേ അഴിമതിക്കെതിരേ ചിന്തിക്കുന്ന, അനീതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കാനാവുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അനീതിക്കെതിരേയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ പരിവര്‍ത്തനത്തിന് പ്രേരകമാകണം. വ്യവസ്ഥാപിതമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുകയും ജനാധിപത്യം ശക്തിപ്പെടുകയും വേണം. സ്വയം തിരുത്തലിലൂടെ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യം ദുര്‍ബലമാകുന്നത് അഴിമതി വര്‍ധിക്കുമ്പോഴാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോകമെമ്പാടും അഴിമതി വര്‍ധിക്കുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ അഴിമതിക്കെതിരായ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ്. സര്‍ക്കാരുകള്‍ അഴിമതിക്ക് കൂട്ടു നിന്നാല്‍ ജനങ്ങള്‍ എതിര്‍ക്കും. പലപ്പോഴും സര്‍ക്കാരുകള്‍ ജനാഭിമുഖ്യമില്ലാത്തവയായി മാറുന്നത് അഴിമതിക്കെതിരെ നിലപാടുകള്‍ സ്വീകരിക്കാത്തതിനാലാണ്. ചില രാഷ്ട്രങ്ങളിലെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു വിളിക്കാന്‍ രാജ്യത്ത് സംവിധാനമില്ലാത്തതിനാല്‍ വോട്ടെടുപ്പിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നതും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതും. അഴിമതിക്കെതിരേ നിലപാടുകളും നടപടികളില്‍ ഉത്തരവാദിത്തവുമില്ലാത്ത സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ജനങ്ങളോടുള്ള അനീതിയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അഴിമതി ജനങ്ങളെ ബാധിക്കുന്ന അര്‍ബുദമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി വിവരാവകാശ നിയമത്തിനു കീഴിലെത്തിക്കുന്നത് സുതാര്യത ഉറപ്പാക്കാന്‍ സഹായകമാകും. പൊതുസമൂഹത്തിന്റെ മുതല്‍ കൊള്ളയടിക്കപ്പെടുന്നത് തടയപ്പെടേണ്ടതാണ്. ഭരണകൂടവും ഭരണാധികാരികളും ജനങ്ങളോട് പ്രതിബദ്ധതയുള്ളവരാകണം. അഴിമതി നിര്‍മാര്‍ജ്ജനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടരുത്. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുന്‍പ് താന്‍ വ്യക്തമാക്കിയത് ഇക്കാരണത്താലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍, ബി.ആര്‍.പി.ഭാസ്‌ക്കര്‍, വിജിലന്‍സ് എ.ഡി.ജി.പി ഡോ.ജേക്കബ് തോമസ് മുതലായവര്‍ പ്രസംഗിച്ചു.
Discussion about this post