ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
മരണത്തിന്റെ നിത്യത
‘ദേഹം നിമിത്തമഹംബുദ്ധികൈക്കൊണ്ടു
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഹ്മണോfഹം നരേന്ദ്രാfഹമാഢ്യോfഹമെ
ന്നാമ്രേഡിതം കലര്‍ന്നീടും ദശാന്തരേ,
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായാ ചമഞ്ഞു പോയീടിലാം
മണ്ണിന്നുകീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹംനിമിത്തം മഹാമോഹം’.
‘ഞാന്‍’ ശരീരമല്ല; ആത്മവാണെന്ന തത്ത്വം യോഗികളല്ലാതെ മറ്റാരും അനുഭവിച്ചറിഞ്ഞിട്ടില്ല. ഇക്കാര്യം പരോക്ഷമായി അറിയുന്നവരുടെ സംഖ്യംപോലും വിരളമാണ്. ശരീരമാണു ഞാനെന്ന ഭ്രമത്തില്‍ മുങ്ങിക്കഴിയുന്നവരാണ് ജീവജാലങ്ങളെല്ലാം. ശരീരത്തിന്റെ സൗന്ദര്യം, ബലം, യൗവനം, കുലീനത, എന്നിവയില്‍ അഹങ്കരിക്കുന്ന മനുഷ്യന്‍ ഞാന്‍ ബ്രാഹ്മണനാണ് – എന്തുകൊണ്ടെന്നാല്‍ ഈ ശരീരം ബ്രാഹ്മണനില്‍ നിന്നുണ്ടായതാണ് – രാജാവാണു ഞാന്‍ – എന്തെന്നാല്‍ ഈ ശരീരം രാജാവില്‍നിന്നുല്‍പന്നമായതാണ് – എന്നെല്ലാം ചിന്തിച്ച് അഹങ്കാരം ഉറപ്പിക്കവേ ജന്തുക്കള്‍ ആ ശരീരം ഭക്ഷിച്ചു കാഷ്ഠിച്ചു പോകുന്നു. അല്ലെങ്കില്‍ വെന്തുവെണ്ണീറായിത്തീരുന്നു. അതുമല്ലെങ്കില്‍ മറ്റേതെങ്കിലും പ്രകാരത്തില്‍ മരണപ്പെട്ടു മണ്ണിനുകീഴില്‍ കഴിയുന്ന കൃമികള്‍ക്കു ഭക്ഷണമായിത്തീരുന്നു’. ഇക്കാര്യത്തില്‍ ധനികനെന്നോ ദരിദ്രനെന്നോ, ഭരണാധിപനെന്നോ ഭരണീയനെന്നോ, ബ്രാഹ്മണനെന്നോ ചണ്ഡാലനെന്നോ ഒരുവിധമുള്ളഭേദവും ഇല്ല. ഒരു ഭേദചിന്തയുമില്ലാതെ മരണം എല്ലാപേരെയും ഗ്രസിക്കുന്നു. അഗ്നി ഒരുപോലെ ഏതൊരു ശരീരത്തെയും ദഹിപ്പിക്കുന്നു.
കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
പുഷ്ഠശ്രീതനുധാടിയോ ചെറുതുമി
ങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷ ഗര്‍വമൊക്കെയിവിടെ
പ്പുക്കസ്മരിക്കുന്നിതി
ങ്ങിഷ്ടന്മാര്‍ പിരിയുന്നു ഹാ! ഇവിടമാ
ണദ്ധ്യാത്മ വിദ്യാലയം.’ – പ്രരോദനം
അതെ, മനുഷ്യന്റെ അഹന്തയ്ക്ക് അവസാനമുണ്ടാക്കുന്ന ചുടുകാടാണ് അദ്ധ്യാത്മവിദ്യാലയം, ശരീരത്തിന്റെ നശ്വരത ബോദ്ധ്യപ്പെടാനും അതിന്റെ സുഖസൗകര്യങ്ങളില്‍ കുരുങ്ങി നശിക്കാതെ അതിനപ്പുറമുള്ള അനശ്വരമായ ചൈതന്യത്തെ കണ്ടെത്താനും പഠിപ്പിക്കുന്ന വിദ്യാലയം.
സീതാപഹരണവേളയില്‍ രാവണന്‍ തന്നെ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ‘വൈശ്രവണന്റെ സഹോദരനായ രാവണനാണു ഞാന്‍. ദശഗ്രീവനെന്ന പേരില്‍ പ്രസിദ്ധനും പ്രതാപിയുമായ എന്റെ പേരുകേട്ടാല്‍തന്നെ ദേവന്മാരും ഗന്ധര്‍വ്വന്മാരും പിശാചന്മാരും പക്ഷികളും ഉരഗങ്ങളും കാലനെക്കണ്ട ജീവജാലങ്ങളെന്നപോലെ ഭയന്ന് ഓടും. ഞാന്‍ നില്‍ക്കുന്നിടത്ത് കാറ്റുപോലും എന്നെ ഭയന്ന് ശീതളകിരണനായി മാറുന്നു’ അധികനാള്‍ കഴിഞ്ഞില്ല, ഇങ്ങനെ വമ്പുപറഞ്ഞ രാവണന്റെ മൃതദേഹത്തിനു സമീപമിരുന്ന് മണ്ഡോദരി വിലപിച്ചു. ‘ക്ഷ്ടം! ദേവേന്ദ്രനെയും കാലനെയും ഗന്ധര്‍വ്വന്മാരെയുമെല്ലാം ഭയപ്പെടുത്തിയവനും വൈശ്രവണന്റെ പുഷ്പകം തട്ടിയെടുത്തവനുമായ വീരനായ രാവണന്‍ പടയില്‍ കൊല്ലപ്പെട്ട് ചേറുമണിഞ്ഞ് ഇതാ നിലത്തു കിടക്കുന്നു’ അതെ, സ്ഥാനമാനങ്ങളിലും അധികാരബലാദികളിലുമുള്ള അഹങ്കാരം വ്യര്‍ത്ഥമാണ്. മരണം ഏവരെയും കാത്തിരിക്കുന്നു. അതിനാല്‍ ദേഹം നിമിത്തമുള്ള അഹങ്കാരം ആര്‍ക്കും നന്നല്ല.
ത്വങ്മാംസരക്താസ്ഥിവിണ്‍മൂത്രരേതസാം
സമ്മേളനം പഞ്ചഭൂതക നിര്‍മ്മിതം,
മായാമയമായ് പരിണാമിയായൊരു
കായം വികാരിയായുള്ളൊന്നിതധ്രുവം’.
Discussion about this post