ശബരിമല: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ നാലു സ്ഥലങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. രാത്രി ഒമ്പതരയ്ക്ക് ആരംഭിച്ച കാറ്റിന് അല്പം ശമനം കണ്ടത് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു. ഏകദേശം അഞ്ചു മണിക്കൂര്‍ നേരം വീശിയ കാറ്റില്‍ മരക്കൂട്ടം, ശരംകുത്തി, മാളികപ്പുറം ട്രാന്‍സ്‌ഫോര്‍മര്‍, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്.
വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥര്‍ സജീവമായി സ്ഥലത്തുണ്ടായിരുന്നു. ഒരു സ്ഥലത്തെ കേടുപാട് പൂര്‍ത്തീകരിക്കുമ്പോള്‍ മറുഭാഗത്ത് മരംവീണ് വൈദ്യുതി നിലയ്ക്കുകയായിരുന്നു. ശബരിപീഠത്തും ചന്ദ്രാനന്ദന്‍ റോഡിലും രണ്ടു സ്ഥലങ്ങളില്‍ രണ്ട് സെറ്റു വീതമുള്ള ട്യൂബ് ലൈറ്റുകള്‍ കാറ്റിന്റെ ശക്തിയില്‍ താഴെവീണ് പൊട്ടി. പല സ്ഥലങ്ങളിലും മരച്ചില്ലകളും കമ്പുകളും ഒടിഞ്ഞുവീണിട്ടുണ്ട്. അഗ്നിശമനസേനയും വൈദ്യുതിവകുപ്പും സംയുക്തമായി കേടുപാടുകള്‍ തീര്‍ക്കുന്ന ജോലി പുരോഗമിക്കുന്നു.
Discussion about this post