കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ അമൂല്യരത്‌നങ്ങള്‍ അടങ്ങിയ ആഭരണങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാറ്റാന്‍ നീക്കമില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ഭഗവാന് ചാര്‍ത്തിവരുന്ന അമൂല്യമായ ആഭരണങ്ങള്‍, രത്‌നം പതിച്ച മാലകള്‍ തുടങ്ങി വിശേഷപ്പെട്ട ആഭരണങ്ങള്‍ ഒന്നുംതന്നെ ദേവസ്വം ബോര്‍ഡിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം തിട്ടപ്പെടുത്തി അവയില്‍ ഉപയോഗിക്കാത്തതും കേടുവന്നതുമായവ ബോര്‍ഡിന്റെ കേന്ദ്രീകൃത ശേഖരത്തിലേക്ക് മാറ്റുന്ന നടപടി കാലങ്ങളായി നടന്നുവരുന്നതാണ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചുവരുന്ന, ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന സ്വര്‍ണ, വെള്ളി ഉരുപ്പടികളും മറ്റും കേന്ദ്രീകൃത സ്റ്റോക്കിലേക്ക് ഹാജരാക്കണമെന്ന് പൊതുവായ നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് പതിവാണ്. ക്ഷേത്രങ്ങളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സ്വര്‍ണവും വെള്ളിയും കേന്ദ്രീകൃത സ്റ്റോക്കില്‍ നിന്നാണ് ദേവസ്വം ബോര്‍ഡ് അനുവദിച്ച് നല്‍കുന്നത്. പൂര്‍ണത്രയീശന്റെ പുതിയ സ്വര്‍ണക്കോല നിര്‍മാണത്തിന് കിലോ കണക്കിന് സ്വര്‍ണം അനുവദിച്ചത് ഇപ്രകാരം കേന്ദ്രീകൃത ശേഖരത്തില്‍ നിന്നുമാണ്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ശേഖരങ്ങള്‍ക്ക് വ്യക്തമായ കണക്കുകളുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
Discussion about this post