തിരുവനന്തപുരം: മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്കഅങ്കി രഥ ഘോഷയാത്രയായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. നാലു ദിവസങ്ങളിലായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്ന് 26 നാണ് തങ്കഅങ്കി സന്നിധാനത്ത് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര രാത്രി 9.30ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി വിശ്രമിച്ചു. ഇന്ന് രാവിലെ എട്ടിന് ഇവിടെ നിന്നാണ് രണ്ടാം ദിവസത്തെ യാത്ര ആരംഭിച്ചത്. രാത്രി ഒന്‍പതോടെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും.
ഘോഷയാത്ര അടുത്ത ദിവസം രാവിലെ 7.30 ന് യാത്ര പുനരാരംഭിച്ച് രാത്രി 8.30ന് റാന്നി-പെരുനാട് ക്ഷേത്രത്തിലെത്തും. രാത്രി വിശ്രമത്തിനുശേഷം 26 ന് പുലര്‍ച്ചെ പമ്പയ്ക്കു പുറപ്പെടും. ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയിലെത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. സോപാനത്തെത്തുന്ന തങ്കഅങ്കി തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി സന്ധ്യാ ദീപാരാധന നടത്തും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ശബരിമലയില്‍ നടയ്ക്കുവച്ചതാണ് 450 പവന്‍ തൂക്കംവരുന്ന തങ്കഅങ്കി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിലാണ് തങ്ക അങ്കി സൂക്ഷിച്ചിരിക്കുന്നത്. തങ്കഅങ്കി ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കുന്നത് പത്തനംതിട്ട എ.ആര്‍.ക്യാമ്പ് അസിസ്റന്റ് കമാന്‍ഡന്റ് പി.കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസ് സേനാംഗങ്ങളാണ്.
എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള 30 അംഗങ്ങളാണ് ഘോഷയാത്രയ്ക്ക് അകമ്പടിയായി സന്നിധാനം വരെ എത്തുന്നത്. ചുമതലയുള്ള ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സി.ഐ, എസ്.ഐ, പോലീസുകാര്‍ എന്നിവരും സുരക്ഷാസേനയെ സഹായിക്കാനുണ്ടാകും. ദേവസ്വം ബോര്‍ഡ് അസിസ്റന്റ് കമ്മീഷണര്‍ ജി.വേണുഗോപാലും രഥയാത്രയെ അനുഗമിക്കും.
Discussion about this post