ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ശ്രുതി സീമന്ത സിന്ദൂരീകൃത പാദാബ്ദ ധൂലികാ
സകലാഗമ സന്ദോഹ ശുക്തി സംപുട മൗക്തികാ
ദേവിയുടെ കാല്‍ത്താമരപ്പൂമ്പൊടി വേദങ്ങളുടെ (ശ്രുതികള്‍) സീമന്തത്തിലെ കുങ്കുമമാക്കപ്പെടുന്നു. വേദങ്ങള്‍ ഭക്തിപൂര്‍വം ദേവീപാദങ്ങളില്‍ ശിരസ്സണച്ചു നമസ്‌കരിക്കുമ്പോഴാണ് ഈ കുങ്കുമം ചാര്‍ത്തല്‍. വേദങ്ങളുടെ ശിരസ്ഥാനത്തുള്ള ഉപനിഷത്തുകള്‍ക്കു ലഭ്യമാവുന്നത് ദേവീപാദധൂളീസ്പര്‍ശഭാഗ്യം മാത്രം! സമസ്തവേദസഞ്ചയവും ചേര്‍ന്നുണ്ടായ മുത്തുച്ചിപ്പി എന്ന അളുക്കി(സംപുടം) നുളളിലെ മുത്താണ് ദേവി. ചിപ്പിയെക്കാള്‍ എത്രയോ അമൂല്യമാണ് അതിനകത്തെ മുത്ത്!
പുരുഷാര്‍ത്ഥപ്രദാ പൂര്‍ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാനാദിനിധനാ ഹരിബ്രഹ്മേന്ദ്രസേവിതാ
ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങള്‍ വേണ്ടതിന്‍വണ്ണം ദാനം ചെയ്യുന്നവളാണു ദേവി, അഥവാ പുരുഷന് (രുദ്രന്) ദേവിയാണ് അര്‍ഥമുളവാക്കുന്നത്. ഒരുതരം വൈകല്യവും ഇല്ലാത്തവളാകയാലും എന്തിനും പൂര്‍ണതയിലെത്തുന്നത് ദേവിയുടെ സാന്നിദ്ധ്യവും പ്രസാദവുമാകയാലും പൂര്‍ണതതന്നെ ദേവിയുടെ അന്യാസാധാരണസവിശേഷതയാകയാലുമാണ് ദേവിയെ പൂര്‍ണ എന്നു പറയുന്നത്. സമസ്തസുഖങ്ങളും അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നവളാണ് ഭോഗിനി. നാഗകന്യാരൂപിണി എന്നുമാവാം. ദേവി സകലപ്രപഞ്ചങ്ങള്‍ക്കും അധിനായികയാകയാല്‍ ഭുവനേശ്വരിയത്രേ.
(അംബികാ – അനാദി – നിധനാ) അമ്മയ്ക്ക് (അംബിക) തുടക്കമോ (ആദി) ഒടുക്കമോ (നിധനം) ഇല്ല; മഹാവിഷ്ണു (ഹരി), ബ്രഹ്മാവ്, ദേവേന്ദ്രന്‍ (എന്നിവര്‍പോലും) അമ്മയെ പരിചരിക്കുന്നു. മുകുന്ദബ്രഹ്മേന്ദ്രസ്ഫുടമകുടനീരാജിത പദാ.
Discussion about this post