ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനും മകരമാസ പൂജകള്‍ക്കും ശേഷം ഇന്നലെ രാവിലെ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ തിരുനട അടച്ചു. രാവിലെ രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജ അയ്യപ്പദര്‍ശനം നടത്തി. ആറുമണിക്ക് നട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും മഹാഗണപതിഹോമവും നടന്നു. തുടര്‍ന്ന് സന്നിധാനത്ത് സൂക്ഷിച്ച തിരുവാഭരണ പേടകവുമായി പേടകവാഹക സംഘം പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് തിരിച്ചുപോയി. അവസാനമായി കാനനവാസനെ ദര്‍ശിക്കുവാനുള്ള അവസരം രാജപ്രതിനിധിക്കായിരുന്നു. ദര്‍ശനം പൂര്‍ത്തിയാക്കി ശ്രീകോവില്‍ നടയടച്ച് താക്കോലുമായി പതിനെട്ടാംപടിയിറങ്ങിയ രാജപ്രതിനിധിയെ ശബരിമല മേല്‍ശാന്തി ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിയും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ അജിത്ത് പ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പതിനെട്ടാം പടിക്ക് താഴെ വച്ച് ഉദിച്ച് നില്‍ക്കുന്ന മകരനക്ഷത്രത്തെ സാക്ഷിയാക്കി സാഷ്ടാംഗം നമസ്‌ക്കരിച്ച ശേഷംശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധി മേല്‍ശാന്തി. ഇ.എന്‍ കൃഷ്ണദാസ് നമ്പൂതിരിക്കും വരും തീര്‍ത്ഥാടനക്കാലത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുള്ള പണക്കിഴി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും കൈമാറി. ആചാരപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനവിഹിതം രാജപ്രതിനിധിക്ക് ദേവസ്വം അധികൃതര്‍ കൈമാറി.
മകര സംക്രമ ദിനത്തില്‍ ശബരിഗിരീശനെ അണിയിച്ച തിരുവാഭരണങ്ങളടങ്ങിയ പേടകം ശബരിമല ശ്രീ ധര്‍മ്മ ശാസ്താസന്നിധിയില്‍ നിന്നും കൊണ്ടുപോയ തിരുവാഭരണപേടകം സംഘം രാത്രി ളാഹ സത്രത്തില്‍ വിശ്രമിക്കും. ഇന്ന് ഉച്ചയോടെ റാന്നി പെരിനാട് ക്ഷേത്രത്തിലെത്തിക്കും. അവിടെ അയ്യപ്പവിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പനെ ദര്‍ശിക്കാവുന്നതാണ്. 22ന് പുലര്‍ച്ചെ 2.30ന് അയിരൂര്‍ പുതിയകാവില്‍ യാത്രയാരംഭിച്ച് ആറന്മുളയെത്തും.23 ന് രാവിലെ 7 മണിയോടെ തിരുവാഭരണം പന്തളത്ത് എത്തും.
Discussion about this post