തിരുവനന്തപുരം: 2015-16ലെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കിയതായി പ്ലാനിങ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. വിഭവലഭ്യതയുടെ കണക്ക് പ്രകാരം മൊത്തം പദ്ധതി അടങ്കല്‍ 27686.32 കോടിയായിരിക്കും. ഇതില്‍ സംസ്ഥാന പദ്ധതിക്കുള്ള 20000 കോടി രൂപയും ഉള്‍പ്പെടും.
നടപ്പു വര്‍ഷത്തെ (2014-15) പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 16.66 ശതമാനം വര്‍ദ്ധനവാണ് അടുത്ത വര്‍ഷത്തെ പദ്ധതിക്ക് ഉളളത്. 2015-16 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 4800 കോടി രൂപയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുവേണ്ടി 1350 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കിയാല്‍ മൊത്തം പദ്ധതി വിഹിതത്തിന്റെ 25.74 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് (9.97%) ആനുപാതികമായി പ്രതേ്യക ഘടക പദ്ധതി വിഹിതമായി 1968.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 1040.92 കോടി രൂപ പട്ടികജാതി വികസന വകുപ്പിനും 927.58 കോടി രൂപ (47%) തദ്ദേശ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. പട്ടികവര്‍ഗ്ഗ പദ്ധതി വിഹിതമായി 604.5 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 34 ശതമാനം അധികമാണ്. 604.5 കോടി രൂപയില്‍ പട്ടികവര്‍ഗ്ഗ വകുപ്പിന് 465.28 കോടി രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 139.22 കോടി രൂപയുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പട്ടികവര്‍ഗ്ഗ ഭവന നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി അധിക വിഹിതമായി 150 കോടി രൂപയും വകയിരുത്തിയിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തീരദേശ വികസന പദ്ധതികള്‍ക്കായി 189.37 കോടി രൂപയും മലയോര വികസന പദ്ധതികള്‍ക്കായി 113 കോടി രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വയനാട്, കാസര്‍കോട്, ശബരിമല പാക്കേജുകള്‍ക്ക് 129 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, തലസ്ഥാനമേഖലാ വികസന പദ്ധതി, ആലപ്പുഴ – കൊല്ലം ബൈപാസ്, സിയാല്‍ വികസന പദ്ധതി, തിരുവനന്തപുരം – കോഴിക്കോട് മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, വ്യാവസായിക വികസന മേഖല തുടങ്ങിയവയ്ക്കായി 2000 കോടി രൂപ വകയിരുത്തിയിട്ടണ്ട്. കൃഷി, വിദ്യാഭ്യാസം, പൊതുമരാമത്ത്, തുറമുഖവും ലൈറ്റ് ഹൗസുകളും, ശാസ്ത്രസേവനങ്ങളും ഗവേഷണവും, ഉള്‍നാടന്‍ ജലഗതാഗതം, റോഡുകളും പാലങ്ങളും, വിവര സാങ്കേതിക വിദ്യയും ഇ-ഗവേണന്‍സും, ശുദ്ധജല വിതണവും ശുചിത്വവും, വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും, പാര്‍പ്പിടം, വിനോദ സഞ്ചാരം, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം, നഗര വികസനം, തൊഴിലും തൊഴിലാളി ക്ഷേമവും, പോഷകാഹാരം, കലയും സംസ്‌കാരവും, അടിസ്ഥാന സൗകര്യവികസനത്തിനായുള്ള വന്‍കിട പദ്ധതികള്‍ എന്നീ മേഖലകള്‍ക്കാണ് 2015-16 വാര്‍ഷിക പദ്ധതയില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുള്ളത്.
കൂടാതെ, സമഗ്ര തൊഴില്‍ അവസരങ്ങളുടെ സൃഷിക്കായുളള മിഷന് 25 കോടി രൂപയും, സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 10 കോടി രൂപയും, ഭാഷാ ന്യൂന പക്ഷങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തിയിരിക്കുന്നു. കേരള പരിപ്രേക്ഷ്യ പദ്ധതി 2030 ന് കീഴില്‍ വിവിധ മേഖലകളില്‍ പദ്ധതികള്‍ രൂപീകരിക്കുന്നതിനായി 2015-16 വാര്‍ഷിക പദ്ധതിയില്‍ 25 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post