തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവ് തിരുത്തുന്നതിനുള്ള നടപടികള്‍ ലളിതമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ജനന സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്തുന്നത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ മാറ്റുന്നതിനായി സമീപിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം അവസാനിപ്പിക്കണം. വസ്തുതാപരമായ പിശകുകളാണെങ്കില്‍ അത് ഉടനടി തിരുത്തി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ വരുന്ന പിഴവുകളില്‍ വ്യക്തി/പരാതിക്കാരുടെ സത്യവാങ്മൂലം വാങ്ങണം. ബന്ധപ്പെട്ട തദ്ദേശഭരണ രജിസ്ട്രാര്‍ സമയബന്ധിതമായി പരിശോധനകള്‍ നടത്തുകയും സത്യമെന്ന് കാണുന്നപക്ഷം ഉടനടി സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കുകയും വേണം. ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ സംബന്ധിച്ച രേഖകളില്ലെങ്കില്‍ പരാതിക്കാരില്‍ നിന്നും വാങ്ങുന്ന സത്യവാങ്മൂലം, സ്‌കൂള്‍ റിക്കോര്‍ഡുകള്‍ എന്നിവ കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കണം. വ്യവസ്ഥകള്‍ ലളിതമാക്കിക്കൊണ്ടുള്ള പരിപത്രം പുറത്തിറക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം.കെ.മുനീര്‍, മഞ്ഞളാംകുഴി അലി, പി.കെ.അബ്ദുറബ്ബ് എന്നിവരും രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Discussion about this post