ചെങ്കല്‍ സുധാകരന്‍
മറ്റു കൃതികളിലൊന്നിലും കാണാത്ത ഒരു വിചിത്രകഥയാണ് ഗോമതീ സിന്ധുസംഗമ മാഹാത്മ്യം! ഭാഗവത മാഹാത്മ്യമായി പറഞ്ഞിട്ടുള്ള ധുന്ധുകാരീ ചരിതത്തിനും ഭാഗവതാന്തര്‍ഗ്ഗതമായ അജാമിളോപാഖ്യാനത്തിനും ഇക്കഥയോട് സൂക്ഷ്മ സാദൃശ്യം കാണാം. ദ്വാരകയുടെ പുണ്യാതിരേകം പ്രഘോഷണം ചെയ്യുകയാണ് ഗര്‍ഗ്ഗാചാര്യരുടെ ലക്ഷ്യം! അതിന്നായിട്ടാണ് പലപലതീര്‍ത്ഥങ്ങളെ വിവരിക്കുന്ന കൂട്ടത്തില്‍ ഗോമതീ സിന്ധുസംഗമം വര്‍ണ്ണിതമാകുന്നത്. പ്രഭാസമാഹാത്മ്യവും ബോധിപ്പിച്ച പുണ്യവും ഗംഗാസാഗരസംഗമശുദ്ധിയും വിശദമാക്കിയ ശേഷമാണ് ഗോമതീ സിന്ധുസംഗമം വിവരിച്ചിരിക്കുന്നത്.
‘ഗോമതീ തീരജം പുണ്യം
രജോ യോ ധാരയന്നരഃ
ശതജന്മ കൃതാത് പാപാത്
മുച്യതേ നാത്ര സംശയഃ
ഗോമതീ തീര്‍ത്ഥത്തിന്റെ മാഹാത്മ്യം ആചാര്യന്‍ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. ഗോമതീതീരത്തെ പുണ്യമായ പൂഴി ധരിക്കുന്നയാളുടെ നൂറുജന്മങ്ങളില്‍ ചെയ്ത പാപങ്ങളെല്ലാം നശിക്കുന്നതാണ്. പുണ്യചരിതന്മാരുടെ ജീവിത സ്ഥലങ്ങളും ധന്യങ്ങളായ തീര്‍ത്ഥഘട്ടങ്ങളും മനുഷ്യമനുസ്സുകളെ പരിശുദ്ദമാക്കുന്നതാണ്. സ്ഥലമാഹാത്മ്യമാണത്. കേവലം സ്ഥലമല്ല, വിശുദ്ധമായ ഒരു കല്പനയാണത്. ആ വിചാരം ആരുടേയും മനസ്സിനെ വിമലമാക്കും. അസുലഭമായ ആ നേട്ടം മനോബുദ്ധീന്ദ്രിയങ്ങളെ ശുദ്ധീകരിക്കും. അതു തന്നെയാണ് പുണ്യതീര്‍ത്ഥാടന! പരമമായ മോചനത്തിന് – മോക്ഷത്തിന് – ആ തീര്‍ത്ഥാടനം വഴിതെളിക്കാതിരിക്കുകയില്ല. എല്ലാ തീര്‍ത്ഥസംഗമങ്ങളുടേയും പൊരുളിതായിരിക്കും.
ഗോമതീ സിന്ധുസംഗമകഥയിലെ പൊരുളും ഈ ആശയമാണ് ഉള്‍ക്കൊള്ളുന്നത്. രാജമാര്‍ഗ്ഗപതി എന്ന വൈശ്യന്റെ കഥയാണല്ലോ അത്. കഥ തന്നെ അയാളുടെ സ്വഭാവം വ്യക്തമാക്കിക്കൊണ്ടാണാരംഭിക്കുന്നത്. അയാള്‍ ധനവാനും ധനമദത്താല്‍ സ്വേച്ഛചാരിയുമായിരുന്നു. സ്വഭാവവൈകല്യത്തെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാന്‍ ധനമദം കൂട്ടായി. ‘മന്ദനു കാശുകിട്ടീടില്‍ മദ്യപിക്കാതെ മത്തനാം’ എന്നാണ് അഭിജ്ഞമതം! രാജമാര്‍ഗ്ഗപതി എന്നാണ് പേരെങ്കിലും അയാള്‍ ‘രാജമാര്‍ഗ്ഗ സഞ്ചാരിയായിരുന്നില്ല. ദുഷ്ടമാര്‍ഗ്ഗചാരിയായി പ്രവര്‍ത്തിച്ചു. എല്ലാ ദുര്‍വൃത്തികളുടേയും കൂത്തരങ്ങായിരുന്നു അയാള്‍! ആ നീചമനസ്സില്‍ നന്മയുടെ ഒരു കിരണംപോലും ഉണ്ടായിരുന്നില്ല.
വൈശ്യന്‍ സമ്പാദിച്ച വകയെല്ലാം വേശ്യമാരും തസ്‌ക്കരന്മാരും കൈക്കലാക്കി. സംസാരപീഡയില്‍പെട്ടുഴലുന്ന മനുഷ്യന് ആദ്യാനുഭവത്തില്‍ സുഖമെന്നു തോന്നുന്ന പലതും പിന്നീട് ദുഃഖമായിത്തീരാറുണ്ട്. സുഖോപാധിയായിത്തോന്നിയവ തിക്താനുഭവങ്ങളുണ്ടാക്കുകയും ചെയ്യും. കഥയിലെ വേശ്യാസംഗം വ്യക്തമാക്കുന്നതും അതുതന്നെ. വ്യക്തിയുടെ ധര്‍മ്മമെന്ന ധനം അപഹരിക്കുന്ന മോഷ്ടാക്കളാണ് കാമം, ക്രോധം, ലോഭം, മോഹം എന്നിവ
‘കാമ ക്രോധശ്ച ലോഭശ്ച
ലോകേ തിഷ്ഠതി തസ്‌ക്കരാഃ
ജ്ഞാന രത്‌നാപഹരായ
തസ്മാദ് ജാഗ്രത! ജാഗ്രത!! – എന്ന ആപ്തവാക്യം ഇവിടെ സാര്‍ത്ഥകമാകും. നന്മയുടെ ധര്‍മ്മത്തിന്റെ ധനം ചോരണം ചെയ്യുന്ന കൊടും ഭീകരരാണിക്കൂട്ടര്‍! അവയുടെ നേരേ ജാഗ്രത കാട്ടാതിരുന്നാല്‍ ജീവിതം ദുരന്തപൂര്‍ണ്ണമാകും.
മോഷണവും മറ്റു ദുര്‍വൃത്തികളും നിറഞ്ഞ മനസ്സാണ് കാട്! രാജമാര്‍ഗ്ഗപതി ഈ കൊടും കാട്ടില്‍ വസിച്ചുകൊണ്ട് വന്യമൃഗങ്ങളെ കൊന്നുതിന്നു. കടലാവണക്കെരിഞ്ഞാല്‍ ദുര്‍ഗ്ഗന്ധമേ വമിക്കുകയുള്ളൂ! അതുതന്നെയാണ് വൈശ്യന്റെ കഥയിലുമുണ്ടായത്. വേശ്യകള്‍ വ്യഭിചാരിണികളാണ്. വ്യഭിചരിക്കുകയെന്നാല്‍ നേര്‍മാര്‍ഗ്ഗത്തില്‍ നിന്ന് മാറി നടക്കുക’ എന്നാണര്‍ത്ഥം! ദുര്‍വൃത്തന്റെ ചഞ്ചലമനസ്സാണ് കഥയിലെ വേശാംഗനമാര്‍! ഒന്നിലുമുറച്ചു നില്‍ക്കാതെ ‘കമനീയങ്ങളിലേക്ക്’ കുതിക്കുന്ന മനസ്സാണത്. സ്വാര്‍ത്ഥ സുഖം മാത്രമേ അതാശിക്കൂ! സൈ്വരിണികളുടെ സ്വഭാവവും അതുതന്നെ.
ആ നീച ജീവിതം കാട്ടില്‍തന്നെ അവസാനിച്ചു. വിശന്നു വലഞ്ഞിരുന്ന ഒരു സിംഹം അയാളെ വധിച്ചു. ജീവിതത്തെ അവസാനിപ്പിക്കുന്ന ‘സിംഹം’ കാലമാണ്. ഒരിക്കലും തീരാത്ത വിശപ്പ് ഈ ‘സിംഹത്തി’നാണുള്ളത് കാലാധീനമാണല്ലോ ജീവനും!
മരണാനന്തരം യമഭടന്മാര്‍ വൈശ്യനെ ബന്ധിച്ച് യമലോകത്തേക്കുപോയി. പരേതനെ ബന്ധിക്കുകയോ? അതെങ്ങനെ? സാദ്ധ്യമല്ല. അപ്പോള്‍ കഥയിലെ പരാമര്‍ശം അയുക്തികമോ? ആയിരിക്കില്ല. മരണത്തെപ്പറ്റിയുള്ള ഭാരതീയ വിവരണങ്ങളില്‍, സ്ഥൂലശരീരത്തിനുള്ള നാശമാണ് മരമം. ‘ജീര്‍ണ്ണവസ്ത്രം കളഞ്ഞ് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ ജീര്‍ണ്ണദേഹം കളഞ്ഞ് ജീവന്‍, പുതിയത് തേടുന്നു.’ കഥയുടെ സൗകര്യത്തിനാണ് യമഭടരും ബന്ധനവുമൊക്കെ സ്ഥൂലശരീരത്തെ ഉപേക്ഷിച്ച ജീവന്‍ സൂക്ഷ്മ, കാരണ ശരീരങ്ങളുമായാണനന്തരയാത്ര! ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളും പ്രാണന്‍, ബുദ്ധി, മനസ്സ് എന്നിവ ചേര്‍ന്ന സൂക്ഷ്മശരീരവും അജ്ഞാനമാകുന്ന കാരണശരീരവുമുണ്ട്. വാസനാമയമായ പ്രകൃതം അപ്പോഴും ജീവനെ പിന്തുടരുമത്രേ. കഴുകന്‍ മാംസം കൊത്തിയെടുത്തു എന്നൊക്കെ പറഞ്ഞിരിക്കുന്നത് ആ ആശയം വെളിവാക്കാനാണ്. പല കഴുകന്മാര്‍ രാജമാര്‍ഗ്ഗപതിയുടെ മാംസത്തിനായി ബഹളംകൂട്ടി പരിവര്‍ത്തനവിധേയമാകുന്ന ബുദ്ധീന്ദ്രിയങ്ങളാണവ!
ഗോമതീനദിയും സിന്ധുവും സംഗമിക്കുന്ന തീര്‍ത്ഥത്തില്‍ സ്വശരീരഭാഗമായ മാംസക്കഷ്ണം പതിച്ചതാണ് വൈശ്യന്റെ മുക്തിക്കുകാരണമായത്. ഗോമതീതീരത്തിലെ മണല്‍ത്തരിപോലും പുണ്യകരമാണെന്നാണ് ഗര്‍ഗ്ഗാചാര്യര്‍ പറഞ്ഞിരിക്കുന്നത് നദിയും സമുദ്രവും സംഗമിക്കുന്ന സ്ഥാനം ശാന്തമാണ്. ഒന്നു മറ്റൊന്നായി പരിവര്‍ത്തിക്കുന്ന പരിപക്വാവസ്ഥ നാമിവിടെ കാണുന്നു. കൂലം കുത്തി കലങ്ങിയൊഴുകുന്ന നദി സമുദ്രവുമായി ചേരുമ്പോള്‍ മന്ദമായൊഴുകി. അവസ്ഥ മാറി ഒന്നായിത്തീരുന്നു. നദിയുടെ വ്യക്തിത്വം നഷ്ടമായി സമുദ്രലയംകൊള്ളുന്നു. സംസാരനദി മുക്തിസാഗരത്തില്‍ ലയിക്കുന്നു എന്നതാണിതിലെ തത്ത്വം. ആ മുക്തി സ്ഥാനത്തിലാണ് രാജമാര്‍ഗ്ഗപതിയുടെ മാംസം പതിച്ചത്.
കുമാര്‍ഗ്ഗചാരിതയുടെ മകുടോദാഹരണമായിരുന്നു രാജമാര്‍ഗ്ഗപതി. കുടിലചര്യകള്‍തുടര്‍ന്ന് ഭൗതികജീവിതമവസാനിച്ചു. ആ ജീവിതം നദീതുല്യം കലങ്ങിമറഞ്ഞതും ചുഴിമലരികള്‍ നിറഞ്ഞതുമാണ്. ഏതൊരാളുടെ ജീവിതവും നദിപോലൊഴുകി മുക്തി സാഗരത്തില്‍ എത്തി പൂര്‍ണ്ണകാമമാകും. ഇന്നോ നാളെയോ അതു സംഭവിച്ചേ പറ്റൂ! സ്ഥൂലദേഹ പരിത്യാഗമെന്ന മരണത്തിലൂടെ ഒരു ഘട്ടം കഴിച്ചുകൂട്ടുന്ന ജീവന്‍ സൂക്ഷ്മകാരണ ശരീരങ്ങളാകുന്ന പക്ഷികളുടെ വായിലൂടെ യാത്രതുടരുന്നു. അവയുടേയും പിടിവിട്ടുപോകുന്ന അവസ്ഥ അവസാനത്തേതാണ്. ജീവന് വാസനാനാശം വന്ന്, ബുദ്ധീന്ദ്രിയാദി ശുദ്ധിവന്ന്, അമൃതാനന്ദമടയുന്നതാണ് മുക്തി.
മുക്തിയെന്നാല്‍ ബന്ധനമുക്തിതന്നെ. മാംസക്കഷ്ണം ഗോമതീസിന്ധു സംഗമത്തില്‍ പതിച്ചതും രാജമാര്‍ഗ്ഗപതി സ്വതന്ത്രനായി. ബന്ധനങ്ങള്‍ വേര്‍പെട്ടു. അയാള്‍ ചതുര്‍ഭുജരൂപിയായ ദേവനായിമാറി. ധര്‍മ്മാര്‍ത്ഥകാമമോക്ഷാദി കരങ്ങള്‍ ദിവ്യപരിശോഭയാളുന്നതാണ് ഈ ചതുര്‍ഭുജദേവന്‍ എന്ന ബിംബം! യമദൂതര്‍ കണ്ടുനില്‍ക്കേ ആ ജീവന്‍ സ്വതന്ത്രമാകുന്നു. ഒരുവിധകാമനയും അതിനെ അലട്ടുന്നില്ല. സ്വച്ഛമായ മനസ്സ് ഏകാഗ്രഭക്തിയിലൂടെ ഹരിധാമത്തിലേയ്ക്കുപോകുന്നു. യമഭടന്മാര്‍ക്ക് – കാലാധീശ്വരഭൃത്യന്മാര്‍ക്ക് അതു നോക്കി നില്‍ക്കാനേ കഴിയൂ. നാശദേവതയുടെ ഭൃത്യന്മാര്‍ക്ക് അനശ്വരലോകഗാമിയെ തടയാനെങ്ങനെ സാധിക്കും? അനുഗമിക്കാനുമെങ്ങനെ കഴിയൂം? പറ്റില്ല! എല്ലാം സന്ത്യജിച്ച് പരമാത്മാവില്‍പോലും പ്രാപിക്കുക എന്ന തത്ത്വത്തില്‍ ലയിച്ച് ജീവന്‍ അമൃതാശനസുഖമനുഭവിക്കുന്നു. പച്ചയായ ജീവിതത്തിന്റെ മെച്ചമായ ആഖ്യാനമാണിത്. കാല പരിക്രമണങ്ങളിലൂടെ ജന്മജന്മാന്തരങ്ങളിലൂടെ – എല്ലാ ജീവനും ശാശ്വതാനന്ദമനുഭവിച്ച് സംതൃപ്തമാകുമെന്ന രഹസ്യം ഈ കഥയില്‍ മറഞ്ഞിരിക്കുന്നു.
Discussion about this post