കൊച്ചി: വാഗമണ്‍ സിമി ക്യാമ്പിന്റെ കുറ്റപത്രം എന്‍ഐഎ, എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, സാമുദായിക മൈത്രി തകര്‍ക്കുക, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക എന്നിവ ക്യാംപിന്റെ ലക്ഷ്യമായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഈരാറ്റുപേട്ട സ്വദേശി ശാദുലി ആണ് ഒന്നാം പ്രതി. കേസില്‍ മൊത്തം 30 പ്രതികളാണുള്ളത്
കുറ്റപത്രത്തില്‍ പ്രതികളാക്കപ്പെട്ട 30 പേരും സിമി പ്രവര്‍ത്തകരായിരുന്നെന്നും പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കണ്ടെത്തി. ഇന്ത്യയുടെ പലഭാഗത്തും സമാനമായ ക്യാമ്പ് സംഘടിപ്പിച്ചതായും ക്യാംപില്‍ ആയുധ പരിശീലനവും ബോംബ് നിര്‍മാണത്തിനു പരിശീലനം നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
വാഗമണ്‍ ക്യാമ്പിനു മുന്‍പേ ഇവര്‍ മൂന്നിടത്തു കൂടി രഹസ്യക്യാംപുകള്‍ നടത്തിയതായി തെളിവു ലഭിച്ചതായി എന്‍ഐഎ പറയുന്നു. ഗുജറാത്തിലും മധ്യപ്രദേശിലും, കര്‍ണാടകയിലുമാണത്രേ ക്യാംപുകള്‍ നടത്തിയത്. പ്രതികളില്‍ 10 പേര്‍ രാജ്യത്തെ പ്രശസ്‌തമായ പല ഐടി സ്‌ഥാപനങ്ങളിലും ജോലി ചെയ്‌തിരുന്ന എന്‍ജിനീയറിങ് ബിരുദധദാരികളാണ്. എംബിബിഎസ് ഉള്‍പ്പെടെ പ്രഫഷനല്‍ ബിരുദ യോഗ്യതയുള്ളവരും ഉണ്ട്. ഒളിവില്‍ കഴിയുന്ന പ്രതികളിലൊരാളായ മഹാരാഷ്‌ട്രസ്വദേശിയായ സോഫ്‌ട്‌വെയര്‍ എന്‍ജിനീയര്‍ റാങ്ക്‌ജേതാവാണെന്നും എന്‍ഐഎ പറയുന്നു.
ഒന്നാം പ്രതിയായ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍ പി.എ. ശാദുലി എന്ന ഹാരിസിന്റെ സഹോദരനാണ് ഷിബിലി പി. അബ്‌ദുല്‍ കരിം. ഷിബിലിക്ക് എന്‍ജിനീയറിങ് ഡിപ്ലോമയുണ്ട് ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ എന്ന നദ്‌വി സിദ്ദീഖും അബ്‌ദുല്‍ സത്താര്‍ എന്ന മന്‍സൂറും സഹോദരന്മാരാണ്. അബ്‌ദുല്‍ സത്താര്‍ ഗള്‍ഫിലാണ്. നദ്‌വിയായിരുന്നുവത്രേ ക്യാംപിലെ പരിഭാഷകന്‍. പ്രതികളില്‍ ഒരാള്‍ ഗള്‍ഫിലും ബാക്കി 29 പേര്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലുമാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ എടുത്ത കേസില്‍ തീരുമാനമായശേഷമേ വാഗമണ്‍ കേസ് വിചാരണയ്‌ക്ക് ഇവരെ വിട്ടുകിട്ടാന്‍ ഇടയുള്ളൂ. 30 പേരും സിമിയുടെ ഉറച്ച പ്രവര്‍ത്തകരായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.
Discussion about this post