തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി തടയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ജനമൈത്രി പോലീസിനുള്ള പങ്ക് എന്ന വിഷയത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. സ്ത്രീകളുടെ പരാതികള്‍ക്ക് മുന്‍ഗണന നല്‍കുകയും അത് അന്വേഷിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നതിന് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയകേരളം സുരക്ഷിത കേരളം പദ്ധതി ഉടന്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കോഴിക്കോടും ആരംഭിക്കും. കേന്ദ്ര സഹായം കൂടി ലഭ്യമാക്കി ഇത് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെയും ആഭ്യന്തര സെക്രട്ടറിയേയും കാണുന്നുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന് റസിഡന്റ് അസോസിയേഷനുകളുടെ സഹകരണം കൂടി ആവശ്യമാണ്. നിയമ-ക്രമ സമാധാന പാലനത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പോലീസ് മുന്‍കൈയ്യെടുക്കണം. സംസ്ഥാന പോലീസ് സേനയില്‍ വനിതാ ബറ്റാലിയന്‍ എന്ന സ്വപ്‌നം ഉടന്‍ സാക്ഷാത്ക്കരിക്കപ്പെടും. 250 വനിതാ പോലീസ് അംഗങ്ങള്‍ ഉടന്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങും. വനിതാ പോലീസ് സേനാംഗങ്ങള്‍ക്ക് ഗ്രേഡ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഓ) സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവ് പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ നാലു വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി ഉടന്‍ ആരംഭിക്കും. ഇതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കുമെന്നു മന്ത്രി വ്യക്തമാക്കി. ലിംഗഭേദമില്ലാതെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. പോലീസ് സേനയിലേക്ക് പിഎസ്‌സി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റ് പുരുഷന്‍മാര്‍ക്ക് മാത്രം എന്നതു മാറ്റി പൊതുവായി ആര്‍ക്കും അപേക്ഷിക്കാവുന്ന വിധത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുരുഷ കേന്ദ്രീകൃതമായ പഴയ കാലത്തു നിന്നും മാറി സ്ത്രീയെയും പുരുഷനെയും ഒരേ നിലയില്‍ കാണുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കൊണ്ടുള്ള നടപടികള്‍ക്ക് ജനമൈത്രി പോലിസ് കൂടുതല്‍ ഊന്നല്‍ നല്‍കണം. കേരളാ പോലീസിന്റെ മുഖച്ഛായ മാറ്റാന്‍ ജനമൈത്രി പോലീസ് സഹായകമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധം വര്‍ധിപ്പിച്ചാല്‍മാത്രമേ കുറ്റകൃത്യങ്ങളുള്‍പ്പെടെ തടയാന്‍ കഴിയുകയുള്ളു, ബീറ്റ് പോലീസ് തങ്ങളുടെ ഏരിയയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും ആളുകളുമായി സംവദിക്കുകയും വേണം.റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണമുറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആവശ്യമാണ്. ബീറ്റ് പോലീസുകാര്‍ക്കുള്ള അലവന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികളുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, എഡിജിപി(മോഡണൈസേഷന്‍) ലോക്‌നാഥ് ബെഹ്‌റ, റേഞ്ച് ഐജി മനോജ് ഏബ്രഹാം, ചലചിത്രതാരം മൈഥിലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post