തിരുവനന്തപുരം: ജില്ലയുടെ പല ഭാഗങ്ങളിലായി നടക്കുന്ന റോഡുകള്‍ കുഴിക്കുന്ന ജോലികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കാന്‍ വിവിധ സര്‍ക്കാര്‍ -സ്വകാര്യ ഏജന്‍സികള്‍ക്ക് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവ് നല്‍കി. ബന്ധപ്പെട്ട തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ അറിയിച്ച് അനുവാദം വാങ്ങിയ ശേഷം മാത്രമേ പണികള്‍ പുനരാരംഭിക്കാന്‍ പാടുള്ളൂ.
റോഡ് കുഴിക്കുന്ന ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥലത്ത് സ്ഥാപിക്കണം. പുനഃസ്ഥാപിക്കാതെ കിടക്കുന്ന റോഡിലെ കുഴികളില്‍ വീണ് അപകടമരണങ്ങള്‍ സംഭവിച്ചാല്‍ ബന്ധപ്പെട്ട ജോലിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304(എ) വകുപ്പ് പ്രകാരം മനഃപ്പൂര്‍വ്വമല്ലാത്ത വധശ്രമത്തിന് കേസെടുക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും യോഗതീരുമാനത്തെതുടര്‍ന്നാണ് നടപടി. യാതൊരു നിയന്ത്രണവുമില്ലാതെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് അനുവദിക്കാനാകില്ല എന്ന് കളക്ടര്‍ പറഞ്ഞു. കുഴിയെടുത്ത ശേഷം ശരിയാംവണ്ണം മൂടാതിരിക്കുന്നതും ടാര്‍ ചെയ്യാതിരിക്കുന്നതും പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. വിവിധ സ്ഥലങ്ങളില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം റോഡ് കുഴിച്ചിരിക്കുന്നത് അപകടം ഉണ്ടാക്കുന്നതിനാലും പരിഹാരം ആവശ്യമായതിനാലും ചട്ടം 133 പ്രകാരം നിരോധന ഉത്തരവ് നല്‍കും. റിലയന്‍സിന്റെ കേബിളുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ക്ക് നാശം ഉണ്ടായിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
Discussion about this post