തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സന്ദര്‍ശനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പാതയോരങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ടോയ്‌ലറ്റുകള്‍, കോഫി ഷോപ്പ്, പാര്‍ക്കിങ് ഏരിയ, വിശ്രമ മുറികള്‍ തുടങ്ങിയവ നിര്‍മ്മിച്ചുകൊണ്ട് ടൂറിസം മേഖലയുടെ കുറവുകള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങിയത്. തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്തിനടുത്ത് ആരംഭിച്ച പദ്ധതി സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിനാണ് ലക്ഷ്യംവയ്ക്കുന്നത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കേരളീയ മാതൃകയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. 100 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി ടൂറിസം മേഖലയായ മൂന്നാര്‍, തേക്കടി മുതലായ പ്രദേശങ്ങളിലും ദേശീയപാതയോരം മുതലായ സ്ഥലങ്ങളിലും ആരംഭിക്കും. അടുത്ത സാമ്പത്തികവര്‍ഷം ടൂറിസം പ്ലാനില്‍ ഉള്‍പ്പെടുത്തി എട്ട് കോടി ചെലവ് പ്രതീക്ഷിക്കുന്ന കുറഞ്ഞത് 20 വിവിധ മാതൃകയിലുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക, ടൂറിസം ഡയറക്ടര്‍ ഷേയ്ക്ക് പരീത്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, കൗണ്‍സിലര്‍ ടോണി ഒളിവര്‍, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post