തിരുവനന്തപുരം: ജലസ്രോതസുകള്‍ മലിനമാക്കുന്നതിനെതിരേ പുതുതലമുറയില്‍ അവബോധമുണ്ടാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് സമഗ്ര ജലവിഭവമാനേജ്‌മെന്റിലൂടെ സുസ്ഥിര വികസനം എന്ന വിഷയത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവുമധികം മഴലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ 120 ദിവസങ്ങള്‍കൊണ്ടു പെയ്തു വീഴുന്ന മഴവെള്ളം വളരെ വേഗം സമുദ്രത്തിലേക്ക് പോവുകയാണ്. മണ്ണിന്റെ ജലസംഭരണ ശേഷി കുറഞ്ഞതാണ് ഇതിനുകാരണം. മണ്ണിന്റെ ജൈവാംശം കുറയുന്നു. മണല്‍ വാരല്‍ മൂലം നദികളും ക്ഷയോന്മുഖമായിരിക്കുകയാണ്. നദികളിലേക്ക് വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. ഇതിനെതിരേ പുതുതലമുറയില്‍ അവബോധമുണ്ടാക്കണം. മണ്ണിന്റെ ജലസംഭരണ ശേഷി കൂട്ടാനും ലഭ്യമായ ജലസ്രോതസുകള്‍ സംരക്ഷിക്കാനും കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എന്‍.ബി.നരസിംഹപ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടിയില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് മുഖ്യപ്രഭാഷണം നടത്തി. ലോക ജലദിനത്തിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
Discussion about this post