കൊല്ലം: കൊല്ലം ബൈപാസിന്റെ നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ പത്തിനു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗകരിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. രാവിലെ 10.30ന് കാവനാട് ബൈപാസ് ജംഗ്ഷനിലാണ് ചടങ്ങ്.
മൂന്നു പാലങ്ങള്‍ ഉള്‍പ്പെടെയുള്ള ബൈപാസിന്റെ നിര്‍മ്മാണത്തിനായി 352 കോടി രൂപയാണ് ചെലവിടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്‍പതു ശതമാനം വീതം തുക വിനിയോഗിച്ച് തുല്യ പങ്കാളിത്തത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് കേന്ദ്ര, സംസ്ഥാന സംയുക്ത സംരംഭമായി ബൈപാസ് നിര്‍മ്മിക്കുന്നത്. 30 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ബൈപാസിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തികരീക്കുന്നതിന് കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭ്യര്‍ത്ഥിച്ചു.
ഉദ്ഘാടന പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ചെയര്‍മാനും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, മേയര്‍ ഹണി ബഞ്ചമിന്‍, കെ എന്‍ ബാലഗോപാല്‍ എംപി, മുന്‍ എം പിമാരായ പി രാജേന്ദ്രന്‍ എന്‍ പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ മുഖ്യരക്ഷാധികാരികളും എംഎല്‍എമാരായ പി കെ ഗുരുദാസന്‍, എ എ അസീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, ഡെപ്യൂട്ടി മേയര്‍ എം നൗഷാദ്, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ കെ ഹഫീസ്, ഡോ ബി എ രാജാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അംഗങ്ങളുമായി വിപുലമായ സംഘാടകസമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്.
Discussion about this post