തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് നല്‍കുന്നതാണെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയായിരുന്ന അവാര്‍ഡ് തുക ഈ വര്‍ഷംമുതല്‍ ഒരു ലക്ഷത്തിയൊന്നുരൂപയാക്കി വര്‍ദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ഉപാസനയിലൂടെ ദേശ-ഭാഷാദി വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യയിലെ സംഗീത പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ എസ്.പി.ബാലസുബ്രഹ്മണ്യം ശബരിമല ഉദ്‌ഘോഷിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മതനിരപേക്ഷതയുടെയും മഹത്തായ മൂല്യങ്ങള്‍ക്ക് വമ്പിച്ച പ്രചാരം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്, മലയാളം, കന്നട, തെലുഗ്, ഹിന്ദി മുതലായ ഭാഷകളില്‍ അയപ്പഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അനുഗ്രഹീത ഗായകനാണ് എസ്.പി.ബാലസുബ്രഹ്മണ്യം. ശബരിമല സന്നിധാനത്ത് ജൂണില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വി.എസ്.ശിവകുമാര്‍ അറിയിച്ചു.












