തിരുവനന്തപുരം: വികേന്ദ്രീകൃത ആസൂത്രണത്തിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളം ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് ഗ്രാമവികസന മന്ത്രി ചൗധരി ബിരേന്ദര്‍ സിങ് പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡീപ്പനിങ് ഡമോക്രസി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖര-ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനമുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്കായി സംസ്ഥാനം കൂടുതല്‍ തുക വിനിയോഗിക്കണം. സദ്ഭരണം കാഴ്ചവയ്ക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. കേരളം മുന്നോട്ട് വച്ച കുടുംബശ്രീയുള്‍പ്പെടെയുളള പദ്ധതികള്‍ മാതൃകാപരമാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അനുഭവപാഠങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും പകര്‍ന്നു നല്‍കാന്‍ കേരളം മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്നു ഭാഗവും തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും വിജയകരമായ വികേന്ദ്രീകൃത മാതൃകകള്‍ മനസിലാക്കാന്‍ ഐകോഡ്- രാജ്യാന്തര സമ്മേളനത്തിലൂടെ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളം സമുദ്ര ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ശശി തരൂര്‍ എം.പി., മേയര്‍ കെ.ചന്ദ്രിക, യു.എന്‍.എഫ്.പി.എ മേധാവി ഫ്രെഡറിക് മേയ്ജര്‍, യു.എന്‍.ഡി.പി. ഡെപ്യൂട്ടി കണ്ട്രി ഡയറക്ടര്‍ മറീന വാള്‍ട്ടര്‍ , കര്‍ണാടക ഗ്രാമ വികസന മന്ത്രി എച്ച്.കെ.പാട്ടീല്‍, സിക്കിം മന്ത്രി ബഹാദൂര്‍ സുബേദി, പ്ലാനിങ് ബോര്‍ഡ് അംഗം സി.പി.ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 17 ന് സമാപിക്കും. സമാപന സമ്മേളനം 17 ന് വൈകുന്നേരം 2.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Discussion about this post