തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി മരിച്ച സംഭവത്തെ തുടര്‍ന്നു തിരുവനന്തപുരം രാജാജിനഗറില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ്‌ഐ അടക്കം രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമാണു പോലീസിനെതിരേ നടപടി ആവശ്യപ്പെട്ടു റോഡ് ഉപരോധിച്ചത്. ഇതേതുടര്‍ന്നു കനത്ത ഗതാഗതക്കുരുക്കും തലസ്ഥാനത്ത് ഉണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്നു തഹസില്‍ദാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണു സ്ഥിതി ശാന്തമായത്. തങ്ങള്‍ക്കെതിരേ കേസെടുക്കരുതെന്ന പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. എന്നാല്‍ ഇവരുടെ വീടുകളില്‍ പരിശോധന നടത്തില്ലെന്നു പോലീസ് ഉറപ്പ് നല്കിയിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ചെങ്കല്‍ചൂള രാജാജിനഗര്‍ സ്വദേശി സുജിത്ത് (22) ആണു കഴിഞ്ഞ ദിവസം മരിച്ചത്. ബേക്കറി ജംഗ്ഷനില്‍ ബഹളം വച്ചതിനെ തുടര്‍ന്നു പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചിരുന്നു. വീട്ടിലെത്തിയ യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കു ചാടുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post