തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പുറപ്പെടുവിച്ചു. ‘2015-ലെ മുന്നോക്കവിഭാഗങ്ങള്ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന് ഓര്‍ഡിനന്‍സ്’ എന്ന പേരില്‍, ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം 2015 മെയ് 16-നാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സ് പ്രകാരം സുപ്രീം കോടതിയിലേയോ, ഹൈക്കോടതിയിലെയോ സര്‍വ്വീസിലുള്ളതോ റിട്ടയര്‍ ചെയ്തതോ ആയ ജഡ്ജിയായിരിക്കും കമ്മീഷന്റെ ചെയര്‍പേഴ്സണ്‍.
സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ പ്രത്യേക പരിജ്ഞാനമുള്ള മുന്നാക്ക വിഭാഗത്തില്‍പ്പെട്ട രണ്ട് പേര് അംഗങ്ങളായിരിക്കും. ഗവണ്മെന്റ് അഡീഷണല്‍ സെക്രട്ടറിയോ, ആ പദവിയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവനം അനുഷ്ഠിച്ചിട്ടുള്ളതായ ഒരാള്‍ കമ്മീഷന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കും. മൂന്ന് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. കമ്മീഷന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും സര്‍ക്കാര്‍ നല്‍കും. മൂന്ന് മാസത്തിലൊരിക്കല്‍ കമ്മീഷന് യോഗം ചേരും. മുന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുക, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അപഗ്രഥിക്കുകയും ക്ഷേമകാര്യങ്ങള്‍ ശുപാര്ശചെയ്യുകയും ചെയ്യുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍. വിശദവിവരങ്ങള്‍ പി.ആര്.ഡി.വെബ്സൈറ്റില്‍. (www.prd.kerala.gov.in)
Discussion about this post