പത്തനംതിട്ട: തിരുവല്ല കെഎസ്‌ആര്‍റ്റിസി ഡിപ്പോ ബസ് ടെര്‍മിനല്‍-ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്‌ഘാടനം നാളെ(ജൂണ്‍ ആറ്)വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വനം-പരിസ്ഥിതി, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എംപിമാരായ ആന്റോ ആന്റണി, കെ.എന്‍. ബാലഗോപാല്‍, എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു ഏബ്രഹാം, കെ.ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡെല്‍സി സാം, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്‌ഘാടനത്തിനു മുന്നോടിയായി വൈകിട്ട് 3.30ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാള്‍ പരിസരത്തു നിന്നും കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക് ഘോഷയാത്ര നടക്കും. ഉദ്‌ഘാടന സമ്മേളനത്തിനു ശേഷം അഹോര ബാന്‍ഡിന്റെ 25 കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത പരിപാടി നടക്കും. ഇന്ന്(ജൂണ്‍അഞ്ച്) വൈകിട്ട് അഞ്ചിന് പ്രശസ്‌ത വാദ്യകലാകാരന്‍ തിരുവല്ല രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ഇരുപതോളം കലാകാരന്മാര്‍ അണിനിരക്കുന്ന തായമ്പക ബസ് ടെര്‍മിനലിന്റെ കവാടത്തില്‍ നടക്കും. തിരുവല്ല നഗരത്തില്‍ 12 നിലകളിലായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് കെഎസ്‌ആര്‍റ്റിസി ബസ് ടെര്‍മിനല്‍-ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ ബസ് ടെര്‍മിനലും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും എക്‌സലേറ്ററുകളും സജീകരിച്ചിരിക്കുന്നു. ഇതിനു മുകളില്‍ മൂന്നു നിലകള്‍ ഓഫീസുകള്‍ക്കും ഏറ്റവും മുകളിലത്തെ രണ്ടു നിലകള്‍ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളുമാണ്. രണ്ടു ബേയ്‌സ്‌മെന്റുകളിലായി കാറുകളും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
Discussion about this post