കൊല്ലം: മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നടപ്പാക്കാന്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ഇന്നലെ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന് കുറുകെ ജൂണ്‍ 14ന് രാത്രി ചങ്ങല ഇടും. ഇതിനു ശേഷം അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിംഗ് തടയുന്നതിന് ഫിഷറീസ് വകുപ്പിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും ചുമതലപ്പെടുത്തി. സീ റസ്‌ക്യൂ സ്‌ക്വാഡിന്റെ സേവനം മേഖലയില്‍ മുഴുവന്‍ സമയവുമുണ്ടാകും. ട്രോളിംഗ് നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റ് ചെറിയ യാനങ്ങള്‍ തുടങ്ങിയവക്ക് ഡീസല്‍ നല്‍കുന്നതിന് മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെ ബങ്ക് തുറന്നുപ്രവര്‍ത്തിക്കും. മത്സ്യത്തൊഴിലാളി മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തും.
ട്രോളിംഗ് നിരോധനത്തിന് മുമ്പ് മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന ബോട്ടുകള്‍ക്ക് നിരോധനത്തിന്റെ ഭാഗമായ ചങ്ങല കെട്ടുന്നതിന് മുമ്പ് ഹാര്‍ബറില്‍ എത്തി ചരക്കിറക്കി വിതരണംചെയ്യാന്‍ കഴിയാതെ വന്നാല്‍ ശക്തികുളങ്ങരയിലെ മത്സ്യഫെഡ് ഡീസല്‍ ബങ്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മത്സ്യം ഇറക്കി വില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. അഴീക്കല്‍ ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സമെന്റിന്റെ സഹായത്തോടെ ട്രോളിംഗ് ബോട്ടുകള്‍ നിയന്ത്രിക്കും. മുന്‍ വര്‍ഷങ്ങളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബറില്‍ മത്സ്യവിപണനം നടത്താം. ജില്ലയിലെ ഹാര്‍ബറുകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായി ട്രോളിംഗ് നിരോധനത്തിനുശേഷം ഓഗസ്റ്റില്‍ യോഗം ചേരാനും തീരുമാനിച്ചു.
കൊല്ലം ആര്‍ ഡി ഒ സി സജീവ്, കൊല്ലം പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി കുര്യാക്കോസ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ശിവാനന്ദന്‍, മത്സ്യത്തൊഴിലാളി സംഘടനകളുടെയും ബോട്ടുടമകളുടെയും വള്ളം ഉടമകളുടെയും പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post