തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള 225 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്കുള്ള കുടിശിക വിതരണത്തിന് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
ബാങ്ക് വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. 9.5 ശതമാനമാണ് വായ്പക്കുള്ള പലിശ നിരക്ക്. ഒക്ടോബര്‍ മുതല്‍ ആറ് തുല്യ തവണകളായി തുക തിരിച്ചടയ്ക്കും. സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മികവുറ്റ സേവനമാണ് നടത്തിയിരുന്നത്. യഥാസമയം നെല്ല് സംഭരിച്ച് അരിയാക്കി മാറ്റി റേഷനിങ് പൂളിലേക്ക് കൈമാറുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക കാലതാമസമന്യേ സപ്ലൈകോ നല്‍കിയിരുന്നു. പണം നല്‍കുന്നതില്‍ ഇപ്പോള്‍ കുടിശിക വന്നതിനാല്‍ കര്‍ഷകര്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് വായ്പയെടുത്ത് പണം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം. നെല്ലിന്റെ താങ്ങുവിലയായി കിലോഗ്രാമിന് 19 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതില്‍ 13.6 രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവും ബാക്കി 5.40 രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമാണ്. നെല്ല് സംഭരണം ഓരോ വര്‍ഷവും രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. സെപ്തംബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കുന്ന ഒന്നാം ഘട്ടവും ജനുവരിയില്‍ തുടങ്ങി ജൂണിലവസാനിക്കുന്ന രണ്ടാം ഘട്ടവും. 2013-14 വര്‍ഷത്തിലെ സംഭരണ സീസണില്‍ 5.29 ലക്ഷം ടണ്ണും 2015 ജൂണിലവസാനിക്കുന്ന 2014-15 സീസണില്‍ ഇതുവരെ ആകെ 5.5 ലക്ഷം ടണ്‍ നെല്ലും സംഭരിച്ചിരുന്നു. കുടിശിക വിതരണത്തിന് 75 കോടി രൂപ ഈ വര്‍ഷം സര്‍ക്കാര്‍ നല്‍കിയിരുന്നു.
Discussion about this post