തിരുവനന്തപുരം: നെല്ലു സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള കുടിശിക ഈ മാസം 30നകം കൊടുത്തു തീര്‍ക്കാന്‍ ധാരണയായി. ഇതേത്തുടര്‍ന്നു കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരപരമ്പര അവസാനിപ്പിച്ചതായി സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
നെല്ലു നല്‍കി രണ്ടര മാസം കഴിഞ്ഞിട്ടും സംഭരണവില കര്‍ഷകര്‍ക്കു നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഈ മാസം 20നു മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ പ്രതിഷേധ മാര്‍ച്ചും അത്താഴപ്പട്ടിണി സമരവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുട്ടനാട് വികസന സമിതിയുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ഏപ്രില്‍ എട്ടുവരെ നെല്ലു നല്‍കിയവര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി 50 കോടി രൂപ അനുവദിച്ചു. ബാക്കി നല്‍കാനുള്ള 225 കോടി രൂപ ഈ മാസം 30നകം കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
റിവോള്‍വിംഗ് ഫണ്ട് വകയിരുത്തുക, നെല്ലുവില വര്‍ധിപ്പിക്കുക, കൈകാര്യച്ചെലവു വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഭൂനികുതി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ധനം, കൃഷി, റവന്യു, ഭക്ഷ്യം, വൈദ്യുതി എന്നീ വകുപ്പുമന്ത്രിമാര്‍, കര്‍ഷക പ്രതിനിധികള്‍, പാടശേഖര ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തണമെന്ന കുട്ടനാട് വികസന സമിതിയുടെ നിര്‍ദേശവും അംഗീകരിച്ചു.
Discussion about this post