
ന്യൂഡല്‍ഹി: യോഗാ ദിനാചരണം പുതുയുഗത്തിന്റെ ആരംഭമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രഥമ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ചു ഡല്‍ഹിയിലെ രാജ്പഥില്‍ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കവെയാണു മോഡി ഇങ്ങനെ പറഞ്ഞത്. 37,000 ത്തിലധികം പേരാണു രാജ്പഥിലെത്തി യോഗാദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നതു ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിനു നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണു രാജ്യതലസ്ഥാനത്തെ യോഗാദിനം ആചരിച്ചത്. യോഗാ ദിനാചരണത്തിന്റെ പ്രധാനവേദിക്കു ചുറ്റിനുമായി സൈനികര്‍, എന്‍എസ്ജി തുടങ്ങി ഏഴായിരം പേരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
രാജ്യത്തിന്റെ പൊതു സംപ്രേക്ഷകരായ ദൂരദര്‍ശനടക്കം അതീവ പ്രാധാന്യത്തോടെയാണു യോഗാദിനത്തിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്. പ്രധാനവേദിയിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ദൂരദര്‍ശന്റേതായി മാത്രം 18 കാമറകളാണു സജ്ജമാക്കിയിരുന്നത്. ഇതിനു പുറമേ മറ്റ് 24 കാമറകള്‍ കൂടി പ്രധാനവേദിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സജ്ജീകരിച്ചിരുന്നു.












