തിരുവനന്തപുരം: പാഠപുസ്തകം വിതരണം ചെയ്യുന്നതിലെ കാലതാമസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദൂറബ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.
നിയമസഭയിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞിരുന്നു. മാര്‍ച്ച് എത്തുന്നതിനു മുന്‍പുതന്നെ വിദ്യാര്‍ഥികള്‍ പോലീസിനെതിരേ രൂക്ഷമായ കല്ലേറ് തുടങ്ങിയിരുന്നു. ഇതേതുടര്‍ന്നു പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാന്‍ വിദ്യാര്‍ഥികള്‍ തയാറാകാതിരുന്നതിനാല്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്തേക്കു ചിതറിയോടി പോലീസിനു നേരെ കല്ലേറ് നടത്തി. ആക്രമണം രൂക്ഷമായതോടെ പോലീസ് ഗ്രനേഡും പ്രയോഗിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് പാളയത്തു പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. വഴിയാത്രക്കാരും വാഹനങ്ങളും റോഡില്‍ കുടുങ്ങി. എസ്എഫ്‌ഐ മാര്‍ച്ച് കണക്കിലെടുത്തു കനത്ത സുരക്ഷയാണു പോലീസ് ഒരുക്കിയിരുന്നത്.












