കൊച്ചി: സംസ്ഥാനത്തെ അനാഥാലയങ്ങളിലേയ്ക്ക് നടത്തുന്ന കുട്ടിക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്നത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് ശിശുക്ഷേമ സമിതി ഉറപ്പുവരുത്തണമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എന്‍.ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എല്ലാ അനാഥാലയങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. അനാഥാലയങ്ങളില്‍ ശിശുക്ഷേമ സമിതിയുടെ പരിശോധന കര്‍ശനമാക്കണമെന്നും അംഗീകാരം ഇല്ലാത്തവ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശിശുക്ഷേമ സമിതി നടത്തുന്ന പരിശോധനകള്‍ക്ക് പോലീസും മറ്റു വകുപ്പുകളും പിന്തുണ നല്കണം. സംസ്ഥാനത്തെ മുഴുവന്‍ അനാഥാലയങ്ങളും ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചട്ടം അനുസരിച്ച് മാത്രമേ അനാഥാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂകയുള്ളൂ. അല്ലാത്തവയ്ക്കതിരേ ശക്തമായ നടപടിയുണ്ടാകണം. കുട്ടിക്കടത്തു തടയണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍സും തമ്പ് എന്ന സംഘടനയും കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ ബിഹാറില്‍ നിന്നും സംസ്ഥാനത്തെ അനാഥാലയങ്ങളിലേയ്ക്ക് കൊണ്ടുവന്ന കുട്ടികളെ റെയില്‍വേ പോലീസ് പിടിച്ച കേസും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.
Discussion about this post