തിരുവനന്തപുരം: ഗെയിലിന്റെ ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. പൈപ്പ്‌ലൈന്‍ ഇടാന്‍ ഇനിയും കാലതാമസമുണ്ടായാല്‍ കേരളത്തിന്റെ വികസനമോഹങ്ങള്‍ ചിറകരിഞ്ഞുപോകുമെന്നും യോഗം വിലയിരുത്തി.
ഗ്യാസ് പൈപ്പ്‌ലൈന്‍ പൊട്ടി ദുരന്തമുണ്ടാവുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് ഗ്യാസ് ടാങ്കര്‍ ലോറികള്‍ മറിഞ്ഞ് സംഭവിക്കുന്നത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൈപ്പ്‌ലൈന്‍ ഇടുന്നതിന് Right of Way (RoW)) ലഭ്യമാക്കുന്നതിന് ഗെയില്‍ മികച്ച നഷ്ട പരിഹാരം നല്‍കും.
ദ്രവീകൃത പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം മൂലം സര്‍ക്കാരിന് നികുതി ഇനത്തില്‍ പ്രതിവര്‍ഷം 1500 കോടി രൂപ നഷ്ടം ഉണ്ടാകുന്നതായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതല്ല. ഗ്യാസ് പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി ഗ്യാസ് ലഭ്യമാക്കാന്‍ കഴിയും. എന്‍.ടി.പി.സി, ബ്രഹ്മപുരം തുടങ്ങിയ വൈദ്യുതോത്പാദന പ്ലാന്റുകളിലെ ഇന്ധനം ഗ്യാസാക്കി മാറ്റാനും ഇതുവഴി വൈദ്യുതിയൂണിറ്റ് വില ഗണ്യമായി കുറയ്ക്കാനും കഴിയും. സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചമുണ്ടാവുക കെ.എസ്.ഇ.ബിയുടെ നഷ്ടം ഗണ്യമായി കുറയ്ക്കാനും സാധിക്കും. എല്‍.എന്‍.ജി പൈപ്പുകള്‍ ഇടുമ്പോള്‍ ഒരു വീടുപോലും മാറ്റേണ്ടിവരില്ലെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. മറിച്ചുളള പ്രചരണങ്ങള്‍ തികച്ചും തെറ്റാണ്. ഭൂമിയുടെ അടിയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിനാല്‍ അപകട സാധ്യത ഉണ്ടാകുമെന്ന വാദം തിരര്‍ത്ഥകമാണ്. കേരളത്തെ അപേക്ഷിച്ച് എത്രയോ ഇരട്ടി ജനസാന്ദ്രതയുളള മുംബൈയില്‍ വര്‍ഷങ്ങളായി പൈപ്പ്‌ലൈനുകളിലൂടെയാണ് ഗ്യാസ് വിതരണം ചെയ്യുന്നത്. ഇവിടെയൊന്നും ഒരപകടവും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റാന്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മന്ത്രിമാരായ കെ.സി.ജോസഫ്, കെ.പി.മോഹനന്‍, കെ.ബാബു, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എം.എല്‍.എ മാരായ എ.പി.അബ്ദുളളക്കുട്ടി, പി.ജയരാജന്‍, ടി.വി.രാജേഷ്, ജെയിംസ് മാത്യു, എ.കെ.നാരായണന്‍, സണ്ണി ജോസഫ്, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ജില്ലാ കളക്ടര്‍, തലശ്ശേരി സബ് കളക്ടര്‍, തുടങ്ങിയവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












