തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും. അദാനി പോര്‍ട്ട് അധികൃതര്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. നിര്‍മാണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായും നാലു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കെ. ബാബു പറഞ്ഞു.
പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയായി. 206.8 ഏക്കറാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തു നിന്നുള്ള 32 ഏക്കര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇത് ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്നു തന്നെ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ അംഗമായ മുന്‍ ഐഎസ്എസ് ഓഫീസര്‍ സന്തോഷ് മഹാഭാദ്രയെയാണ് പദ്ധതിയുടെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുതാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍, ശശി തരൂര്‍ എംപി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, തുറമുഖ സെക്രട്ടറി ജയിംസ് വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












