തൃശൂര്‍: ലോട്ടറിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ സിപിഎമ്മിന്റെ പങ്കു തെളിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേസുകള്‍ തോല്‍ക്കുകയും സാന്റിയാഗോ മാര്‍ട്ടിനു അനുകൂലമായ നിലപാടു ധനകാര്യ വകുപ്പു സ്വീകരിക്കുകയും ചെയ്‌തതിനു പുറകില്‍ സിപിഎമ്മിനെ സംശയിക്കണം. കേന്ദ്രനിയമില്ലാത്തതുകൊണ്ടാണു ലോട്ടറി വില്‍ക്കുന്നതെന്നായിരുന്നു ധനകാര്യമന്ത്രി ഇത്രയും കാലം പറഞ്ഞത്. കഴിഞ്ഞ നാലു മാസമായി കേരളത്തില്‍ ലോട്ടറി വില്‍ക്കാതിരുന്നത് കേന്ദ്ര നിയമംകൊണ്ടല്ല. സംസ്‌ഥാന സര്‍ക്കാരിന്റെ ഓഡിനന്‍സുകൊണ്ടാണ്.ഈ അധികാരം കയ്യിലിരിക്കെയാണ് ഇക്കാലമത്രയും ലോട്ടറി നടത്തിപ്പിനു കൂട്ടുനിന്നത്. ലോട്ടറി നിരോധനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണു ലോട്ടറി കച്ചവടക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞത്,സംസ്‌ഥാന സര്‍ക്കാര്‍ ചെയ്‌തത് ശരിയാണെന്നാണ്. ലോട്ടറിയിലെ കേന്ദ്ര നിലപാട് ഇതാണ്.
ലോട്ടറി നിയമം നിലനില്‍ക്കുന്നുവെന്നും ചട്ടത്തിലാണു പ്രശ്‌നമെന്നുമാണ് ഹൈക്കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റ മറവില്‍ നികുതി അടയ്‌പ്പിക്കാനുള്ള ശ്രമം ധനകാര്യ വകുപ്പു നടത്തും. ഇതു തടയാന്‍ മുഖ്യമന്ത്രി തയ്യാറാകണം.എന്തുകൊണ്ടു ലോട്ടറികേസിലോ തീപിടുത്ത കേസിലോ മാര്‍ട്ടിനെ ചോദ്യം ചെയ്യാത്തതെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Discussion about this post