തിരുവനന്തപുരം: കേരളാ പോലീസ് അസോസിയേഷന്റെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം വന്‍വിജയം നേടി. 2015-16 വര്‍ഷത്തേക്കുള്ള ജില്ലാ, സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യൂണിറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഔദ്യോഗികപാനല്‍ വന്‍വിജയം കരസ്ഥമാക്കിയത്. ആകെയുള്ള 28 ജില്ലാ കമ്മിറ്റികളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 27 എണ്ണത്തില്‍ 25 ലും ഔദ്യോഗികപക്ഷം വ്യക്തമായ മുന്‍തൂക്കംനേടി. ടെലികമ്യൂണിക്കേഷന്‍ ജില്ലാ കമ്മിറ്റിയുടെ വോട്ടെണ്ണല്‍ 25നു നടക്കും.
കെഎപി നാലാം ബറ്റാലിയന്‍ മാത്രമാണ് എതിര്‍പക്ഷം നേടിയത്. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ രണ്ടു ജില്ലാ കമ്മിറ്റികള്‍ ഔദ്യോഗിക പാനലിന് ലഭിച്ചിരുന്നു. ഇതോടെ പോലീസ് അസോസിയേഷന്റെ ജില്ലാ, സംസ്ഥാന നേതൃത്വത്തില്‍ ഇത്തവണയും ഔദ്യോഗിക പക്ഷത്തുള്ളവരെത്തുമെന്ന് ഉറപ്പായി.
തിരുവനന്തപുരം സിറ്റി ജില്ലയില്‍ ആകെയുള്ള 131 ല്‍ 124 സീറ്റുകളും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ 56 ല്‍ 50 സീറ്റുകളിലും വിജയിച്ച് ഔദ്യോഗികപക്ഷം മേല്‍ക്കൈ നേടി. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജി.ആര്‍. അജിത്ത് തിരുവനന്തപുരം സിറ്റി ട്രാഫിക് യൂണിറ്റില്‍ നിന്നു സംസ്ഥാന പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍ തൃശൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ചില്‍ നിന്നു സംസ്ഥാന ട്രഷറര്‍ കെ.വി. ഗിരീഷ് കുമാര്‍ എസ്എപിയില്‍ നിന്നു ജോയിന്റ് സെക്രട്ടറി എം.എ. രഘുനാഥന്‍ കോഴിക്കോട് റൂറലിലെ പയ്യോളി പോലീസ് സ്റ്റേഷനില്‍നിന്നു കാവല്‍ എഡിറ്റര്‍ ശ്രീപതി മലപ്പുറം തിരൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നിന്നു വിജയിച്ചു.
31 ന് ജില്ലാ കമ്മിറ്റിയിലേക്കും ഓഗസ്റ്റ് 21 ന് സംസ്ഥാന കമ്മിറ്റിയിലേക്കുമുള്ള ഭാരവാഹിതെരഞ്ഞെടുപ്പു നടക്കും. എഎസ്‌ഐ ഗ്രേഡ് പ്രമോഷനിലെ ഇളവും സീനിയോരിറ്റി പ്രശ്‌നപരിഹാരവും ശമ്പള കമ്മീഷനില്‍ പോലീസിന് അനുകൂലമായ ശിപാര്‍ശകളുമാണ് ഈ തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തിന് വഴിയൊരുക്കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് പ്രസ്താവനയില്‍ പറഞ്ഞു.













Discussion about this post