നാഗ്പൂര്‍: മുംബൈ സ്‌ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. വ്യാഴാഴ്ച രാവിലെ 6.43നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കി. വ്യാഴാഴ്ച രാവിലെ ആറിനു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാന്‍ ഭക്ഷണവും നല്‍കി. അജ്മല്‍ കസബിനെ തൂക്കിലേറ്റിയ മൂന്നു പേരടങ്ങുന്ന ആരാച്ചാര്‍ സംഘമാണു മേമനേയും തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ നിലനിന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹര്‍ജിയില്‍ അര്‍ധരാത്രി വാദം കേള്‍ക്കുന്നതും വിധി പറയുന്നതും ഈ കേസില്‍ കണ്ടു. വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മേമന്റെ അഭിഭാഷകര്‍ ശിക്ഷ നീട്ടിവെക്കാന്‍ അവസാന ശ്രമവും നടത്തിയതോടെയാണ് സുപ്രീം കോടതിയില്‍ അസാധാരാണ സംഭവങ്ങള്‍ അരങ്ങേറിയത്. ദയാഹര്‍ജികള്‍ തള്ളിയാല്‍ ശിക്ഷ നടപ്പിലാക്കുവാന്‍ ഏഴു ദിവസത്തെ സാവകാശം നല്‍കണമെന്നു ജയില്‍ മാനുവല്‍ വ്യവസ്ഥ ചെയ്യുന്നുണ്‌ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേമന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ജന്തര്‍മന്ദിറില്‍ ഒത്തുകൂടി. മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കണമെന്നു ആവശ്യപ്പെട്ട് ഇവര്‍ രാഷ്ട്രപതിയെ കാണുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു നടന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിന്റെ വസതിയില്‍ എത്തി. ദയാഹര്‍ജികള്‍ തള്ളിയാല്‍ ശിക്ഷ നടപ്പിലാക്കുവാന്‍ ഏഴു ദിവസത്തെ സാവകാശം നല്‍കണമെന്നു ജയില്‍ മാനുവല്‍ വ്യവസ്ഥ ചെയ്യുന്നുണ്‌ടെന്നും മേമന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മേമന്റെ കേസ് മുമ്പ് പരിഗണിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിലെ അഭിഭാഷകരോട് രാത്രി വൈകി സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതിയില്‍ എത്തണമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. ഇതോടെ ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാവ് റോയ് എന്നിവര്‍ രാത്രി വൈകി സുപ്രീം കോടതിയില്‍ എത്തി. മരണവാറണ്ട് റദ്ദാക്കുന്ന കാര്യത്തിലും നടപടികളില്‍ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുവാനും ഒരിക്കല്‍ കൂടി വീണ്ടും കോടതിയില്‍ വാദം നടന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 2.40 മുതല്‍ വീണ്ടും മേമന്റെ കേസ് കോടതി പരിഗണിച്ചു. എന്നാല്‍ ഈ നടപടികള്‍ക്കും മേമന്റെ ജീവനെ നീട്ടിനല്‍കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നു വിധിച്ചു. വിധി വന്നതിനു തൊട്ടുപിന്നാലെ മേമനെ തൂക്കിലേറ്റുകയും ചെയ്തു. ബുധനാഴ്ച രാവിലെ 10.30നു ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പില്‍ തന്റെ മരണവാറണ്ട് റദ്ദാക്കണമെന്നും മുംബൈ ടാഡ കോടതിയുടെ നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്‌ടെന്നും കാണിച്ച് മേമന്‍ ഹര്‍ജി നല്‍കിയിരുന്നു. മേമന്റെ പരാതിയില്‍ വിശദമായ വാദം കേട്ട മൂന്നംഗ ബഞ്ച് അദ്ദേഹം നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളി. തിരുത്തല്‍ ഹര്‍ജിയില്‍ തീരുമാനമെടുത്ത സുപ്രീംകോടതിയിലും മരണ വാറന്റ് പുറപ്പെടുവിച്ച മുംബൈ ടാഡ കോടതിയുടെ നടപടികളിലും വീഴ്ചയുണ്ടായിട്ടില്ലെന്നും മേമന് എല്ലാവിധ നിയമ സഹായങ്ങളും ലഭ്യമായിട്ടുള്ളതാണെന്നു കോടതി വിധിച്ചു.
ഇതേ തുടര്‍ന്ന് ബുധനാഴ്ച തന്നെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കു മേമന്‍ നേരിട്ടു ദയാഹര്‍ജി സമര്‍പ്പിച്ചു. മേമന്റെ ദയാഹര്‍ജി പരിഗണിക്കുന്നതിനായി രാഷ്ട്രപതി ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തവകുപ്പ് ആകട്ടെ മേമന്റെ വധശിക്ഷ വ്യാഴാഴ്ച തന്നെ നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു. കാബിനറ്റ് യോഗം പോലും ഒഴിവാക്കി രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രാലയത്തില്‍ ഉദ്യോഗസ്ഥരുമായും നിയമവിദഗ്ധരുമായും തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തി. മേമനെ തൂക്കിലേറ്റണമെന്നും ദയാഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ട് അഭ്യന്തരവകുപ്പ് രാഷ്ട്രപതിക്ക് ശിപാര്‍ശ തയാറാക്കി. ഈ ശിപാര്‍ശയുമായി ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് രാഷ്ട്രപതിയെ കാണാനെത്തി. രാഷ്ട്രപതി ഇതിനിടെ സോളിസ്റ്റര്‍ ജനറലിനെ വിളിച്ചുവരുത്തി നിയമോപദേശം തേടിയിരുന്നു. രാഷ്ട്രപതി ഭവനിലെത്തിയ രാജ്‌നാഥ് സിംഗ് രണ്ടുമണിക്കൂറിലേറെ പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്‌നാഥ് സിംഗ് പുറത്തിറങ്ങിയതിനു പിന്നാലെ ദയാഹര്‍ജി തള്ളുന്നതായി രാഷ്ട്രപതി അറിയിച്ചു. ഇതേ തുടര്‍ന്ന് പുതിയ വഴിത്തിരിവിലേക്കു കാര്യങ്ങള്‍ കടക്കുകയായിരുന്നു. രാത്രി വൈകി അഭിഭാഷകര്‍ അവസാനവട്ട ശ്രമം കൂടി നടത്തി. എന്നാല്‍ ഇതിലും മേമന്‍ പാരാജയപ്പെട്ടു. ഇതോടെ 257 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു കാരണക്കാരില്‍ ഒരാളായ മേമന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റാന്‍ തീരുമാനമായി. 54-ാംപിറന്നാള്‍ ദിനമായ വ്യാഴാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലായതെന്നതും വേറിട്ട സംഭവമായി.












