തിരുവനന്തപുരം: രാത്രികാലങ്ങളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം ബോധവത്കരണം നടത്തുവാന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ട്രാഫിക് പോലീസിനും നിര്‍ദേശം നല്കി.
കുടുംബാംഗങ്ങള്‍ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ്. ഇതിന്റെ പ്രധാന കാരണം വെളിച്ചക്കുറവും ഉറക്ക ക്ഷീണവുമാണ്. എയര്‍പോര്‍ട്ടുകളില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ യാത്രയയയ്ക്കാനായി വന്ന് തിരികെ പോകുന്ന ധാരാളം വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടങ്ങളില്‍പ്പെടുന്നുണ്ട്. രാത്രിയില്‍ വാഹനം ഓടിച്ച് ശീലമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളാണ് കൂടുതലും അപകടങ്ങളില്‍പ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ യാത്രക്കാരും സഹകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വാഹനം നിറുത്തിയിട്ട് അല്പ സമയം ഉറങ്ങിയതിനുശേഷം മാത്രം യാത്ര തുടരണം. ഡ്രൈവര്‍ ഉറക്കക്ഷീണത്തിലല്ല എന്നും ഉറങ്ങിപ്പോകുന്നില്ല എന്നും യാത്രക്കാര്‍ കൂടി ഉറപ്പാക്കണം. രാത്രിയില്‍ വേറെയൊരു വാഹനത്തെ പിന്‍തുടരുമ്പോള്‍ ഹെഡ്‌ലൈറ്റുകള്‍ ഡിപ്പ് ചെയ്ത് വാഹനം ഓടിക്കണം. രാത്രിയില്‍ എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഹെഡ്‌ലൈറ്റുകള്‍ ഡിം ചെയ്ത് കൊടുക്കണം. മദ്യപിച്ച് വാഹനം ഓടിക്കരുത്. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അതിവേഗത ഒഴിവാക്കണം. യാത്രയയ്ക്കാന്‍ വന്നവര്‍ തിരികെ പോകുമ്പോള്‍ വാഹനാപകടങ്ങളില്‍ പ്പെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തുടക്കത്തില്‍ എയര്‍പോര്‍ട്ടുകളില്‍ എയ്ഡ്‌പോസ്റ്റ് മുഖാന്തിരം ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുവേണ്ടി ഗതാഗതവകുപ്പിന്റെയും മറ്റ് സര്‍ക്കാരിതര സംഘടനകളുടെയും സഹായം തേടാവുന്നതാണെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
Discussion about this post