ഹാര്‍ദ: മധ്യപ്രദേശിലെ ഹാര്‍ദയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രണ്ട് യാത്രട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞു. അപകടങ്ങളില്‍ 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. കാമയാനി എക്‌സ്പ്രസും ജബല്‍പൂര്‍-മുംബൈ ജനതാ എക്‌സ്പ്രസുമാണ് പാളം തെറ്റിയത്. ഹാര്‍ദ്ദയിലെ മച്ചക്ക് നദിയ്ക്ക് സമീപമാണ് ട്രെയിനുകള്‍ പാളം തെറ്റി വീണത്. രണ്ട് ട്രെയിനുകളും ഒരേ സ്ഥലത്താണ് പാളം തെറ്റിയത്. കാമയാനി എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളും ജനതാ എക്‌സ്പ്രസിന്റെ രണ്ട് ബോഗികളുമാണ് പാളംതെറ്റിയത്.
മുംബൈയില്‍ നിന്ന് വാരണാസിയിലേക്കുളള കാമയാനി എക്‌സ്പ്രസാണ് ആദ്യം അപകടത്തില്‍പെട്ടത്. പിന്നീട് ഇതേ സ്ഥലത്ത് ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജബല്‍പൂര്‍-മുംബൈ ജനതാ എക്‌സ്പ്രസും പാളം തെറ്റുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ പാളം തകര്‍ന്നതാണ് അപകടകാരണം. സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ രക്ഷാസേന ദുരന്ത സ്ഥലത്ത് എത്തി രക്ഷാനടപടികള്‍ ആരംഭിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് പുലര്‍ച്ചെ റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ട്രെയിനിന്റെ ബോഗികള്‍ നദിയിലേക്ക് മറിഞ്ഞിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. അപകടത്തില്‍പെട്ടവര്‍ക്കു റെയില്‍വേമന്ത്രി സുരേഷ് പ്രഭു ധനസഹായം പ്രഖ്യാപിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് റെയില്‍വേ ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920, കല്യാണ്‍: 02512311499, മുംബൈ: 02225280005.












