തിരുവനന്തപുരം: കുട്ടനാട് ആര്‍-ബ്ലോക്കില്‍ 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് അടിയന്തിരമായി സ്ഥലം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അന്യാധീനപ്പെട്ട 156 ഏക്കര്‍ ഭൂമി കര്‍ഷക തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും നടപടികളായിട്ടില്ല. ഭൂമിയിന്മേലുള്ള നിയമപരമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമാരായണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റാണി-ചിത്തിര, ആര്‍ ബ്ലോക്ക്, സി.ആന്റ്ഡി ബ്ലോക്ക് എന്നീ പാടശേഖരങ്ങള്‍ക്ക് തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ വൈദ്യുതിനിലയം സ്ഥാപിക്കും. ഇതിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും പ്രാദേശികമായി ലഭ്യമാക്കുന്ന മുറയ്ക്ക് വൈദ്യുതി നിലയം സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ചിത്തിരക്കായലില്‍ പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത കൃഷി റാണിയിലും ചിത്തിരയിലും ഒരുപോലെ തുടങ്ങാന്‍ പമ്പിംഗ് നടപടികളാരംഭിക്കും. റാണി- ചിത്തിരക്കായലിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകരിച്ച ആക്ടിവിറ്റി ചാര്‍ട്ടില്‍ വീണ്ടും ഭേദഗതി ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കൃഷി ഡയറക്ടര്‍ ഇക്കാര്യം പരിശോധിച്ച് ഭേദഗതിക്ക് അംഗീകാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. റാണി-ചിത്തിരക്കായലില്‍ വെള്ളം വറ്റിക്കുന്നതിന് ഒന്‍പത് വെര്‍ട്ടിക്കല്‍ ആക്‌സില്‍ പമ്പ് സ്ഥാപിക്കുന്നത് പരിഗണിക്കാനും തീരുമാനമായി. കൃഷിമന്ത്രി കെ.പി.മോഹനന്‍, ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post