കേരളത്തിലെ ആഭ്യന്തരമന്ത്രിയാണ് രമേശ് ചെന്നിത്തല. കേരളീയരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണഘടനാപരമായി ബാദ്ധ്യതപ്പെട്ട വ്യക്തി. ആരോടും വിവേചനമില്ലാതെ ആ കര്‍മ്മം നിര്‍വ്വഹിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഈ സ്ഥാനം ഏല്‍ക്കുന്നത്. പറയുന്നത് ധര്‍മ്മത്തിനു നിരക്കുന്നതായിരിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രി ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍വന്ന പരാമര്‍ശങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ചിന്തിപ്പിക്കാന്‍പോന്നതാണ്. സംസ്ഥാനത്ത് സാമുദായിക -വര്‍ഗ്ഗീയ ശക്തികള്‍ പിടിമുറുക്കുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും വിദ്യാസമ്പന്നരായ മലയാളികള്‍ തിരഞ്ഞെടുപ്പുകളില്‍ സാമുദായിക ശക്തികള്‍ക്ക് കീഴ്‌പ്പെടുന്നതായുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
മത്തങ്ങയെ ചോറ്റില്‍ പുതയ്ക്കരുതെന്ന് ഒരു ചൊല്ലുണ്ട്. ഇതിന് സമാനമോ അതിലും ഭീകരവുമാണ് ചെന്നിത്തലയുടെ ഈ ഫെയ്സ്ബുക്ക് പോസ്റ്റ്. രമേശിന്റെ ഇടവും വലവും ഇരിക്കുന്ന മുസ്ലീംലീഗും കേരളാകോണ്‍ഗ്രസ്സും സാമുദായിക -വര്‍ഗ്ഗീയ ശക്തിയല്ലെന്നാണോ അദ്ദേഹം പറയുന്നത്. കേരളത്തിന്റെ ഭൂമിയില്‍ ഏതാണ്ട് ഭൂരിഭാഗവും ക്രൈസ്തവ മുസ്ലീം വിഭാഗങ്ങള്‍ കൈയടക്കിക്കഴിഞ്ഞു. വിദ്യാഭ്യാസ- സാമ്പത്തിക- വാണിജ്യ മേഖലകളൊക്കെ ഇന്ന് ഈ വിഭാഗത്തിന്റെ കൈകളിലാണ്. കേരളപ്പിറവിക്കുശേഷം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടാത്ത ഏക വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരനായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭയാനകമായ മുഖം തിരിച്ചറിയാന്‍ കഴിയുന്നത്. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട്ബാങ്ക് രാഷ്ട്രീയം ഇക്കാലമത്രയും പയറ്റുകയും അസംഘടിത ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ കപടമുഖം ഇന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 34,245 വോട്ട് നേടിയത് സിപിഎമ്മിനെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും ഞെട്ടിച്ചിരുന്നു. ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങളിലും ഇതു ചര്‍ച്ചാവിഷയമായി. അസംഘടിത ഭൂരിപക്ഷം തങ്ങള്‍ ഇതുവരെ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ സി.പി.എമ്മിനും ഹാലിളകിയിരിക്കുകയാണ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ വന്‍ മുന്നേറ്റവും ഇരുപാര്‍ട്ടികളെയും പേടിപ്പെടുത്തുന്നു. ഈ നിരാശയില്‍നിന്നുടലെടുത്തതാണ് ചെന്നിത്തലയുടെ വാക്കുകള്‍.
നമ്മുടെ സംസ്‌കാരവുമായി വേര്‍തിരിക്കാന്‍ കഴിയാത്തതാണ് ഇവിടത്തെ വിവിധവിശ്വാസങ്ങളും ആചാരങ്ങളും എന്നും ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനു തന്നെയും മാതൃകയായി നമ്മള്‍ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സാഹോദര്യവും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്ത്വമെന്നും ചെന്നിത്തല പറയുന്നുണ്ട്. ചെന്നിത്തലയോടൊപ്പം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ലീഗുമന്ത്രിമാര്‍ ‘ഹറാ’മെന്നുപറഞ്ഞ് വിളക്കുകൊളുത്താത്തതാണോ മഹത്തായ മാതൃക? സര്‍ക്കാര്‍ ചടങ്ങുകളെപ്പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണുന്ന ലീഗിന്റെ ഒപ്പം ഭരിക്കുന്ന ചെന്നിത്തല ഇങ്ങനെയൊക്കെ ഫെയ്‌സ് ബുക്കില്‍കുറിച്ചാല്‍ അതു മനസ്സിലാക്കാനുള്ള വിവേകം കേരളീയര്‍ക്കുണ്ട്. മാത്രമല്ല വിശാലഹൃദയരായ ഹിന്ദുക്കളുടെ ഉദാത്തസമീപനംകൊണ്ടാണ് കേരളത്തില്‍ സാഹോദര്യവും സമാധാനപൂര്‍ണ്ണായ സഹവര്‍ത്തിത്ത്വവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത്.
ഭിന്നിപ്പിച്ച് കീഴടക്കുക എന്ന ബ്രിട്ടീഷ് മാതൃക ഇവിടെ വേരുറുപ്പിക്കാന്‍ അനുവദിച്ചുകൂടായെന്നും ഇന്നത്തെ പല സാമുദായിക സംഘടനകളും ബ്രിട്ടീഷ് സാമ്രാജ്യത്തിനൊപ്പം നിന്ന് പങ്കുപറ്റിയവരാണെന്നും പുതിയരൂപത്തിലും ഭാവത്തിലും വരുന്ന ഭിന്നിപ്പിന്റെ കുഴലൂത്തുകാരെ ഒറ്റപ്പെടുത്തണമെന്നുമാണ് ചെന്നിത്തലയുടെ ആഹ്വാനം.
ഇത്രയുംകാലം വിറകുവെട്ടികളും വെള്ളംകോരികളുമായി ഹിന്ദുസമൂഹം കഴിഞ്ഞപ്പോള്‍ ‘മതേതരവാദി’യായ ചെന്നിത്തലയ്ക്ക് യാതൊരു വേദനയും ഉളവായില്ല. ഇപ്പോള്‍ ഹിന്ദുസമൂഹം തങ്ങളുടെ അധഃപതനത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും സംഘടിതശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതില്‍ വര്‍ഗ്ഗീയതകാണുന്ന രമേശ് ചെന്നിത്തലേ ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍?
Discussion about this post