തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ ചികിത്സാ സംവിധാനം വിപുലീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി അഞ്ചുകോടി രൂപ ചെലവില്‍ അത്യാധുനിക കാത്തലാബ് സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം ആരംഭിച്ച്, ആറുമാസത്തിനകം പൂര്‍ത്തിയാക്കും.
ആറ് നിലകളോടുകൂടിയ, മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ഇതിന്റെ മൂന്നാംനില ഹൃദ്രോഗ ചികിത്സാവിഭാഗത്തിനും നാലാംനില ഹൃദ്രോഗശസ്ത്രക്രിയാ വിഭാഗത്തിനുമായി നല്‍കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, ഇ.പി. സ്റ്റഡി, അബ്ലേഷന്‍ ചികിത്സ മുതലായ ആധുനിക ചികിത്സാരീതികള്‍ക്കുള്ള പുതിയ കാത്ത്‌ലാബ് സ്ഥാപിതമാകുന്നത് രോഗികളുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തും. സര്‍ക്കാര്‍ സംരംഭമായ കേരള ഹാര്‍ട്ട് ഫൗണ്ടേഷനുവേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേനയാണ് കാത്ത്‌ലാബ് സ്ഥാപിക്കുന്നത്. നിലവിലുള്ള കാത്ത്‌ലാബ് രാവിലെ 7 മണിമുതല്‍ രാത്രി 8.30 വരെ പ്രവര്‍ത്തിപ്പിച്ച്, ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും പ്രതിദിനം ശരാശരി 16 എണ്ണംവീതവും അടിയന്തിര ആന്‍ജിയോപ്ലാസ്റ്റികളും നടത്തിയിട്ടും ഇപ്പോഴത്തെ വെയ്റ്റിംഗ് ലിസ്റ്റ് നവംബര്‍ വരെയാണ്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഈ കാത്ത്‌ലാബ് ഉപയോഗിച്ച് നാല്പത്തിരണ്ടായിരത്തോളം പേര്‍ക്കാണ് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തത്. ഇവരില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള ഓരോരുത്തര്‍ക്കും, ചികിത്സയ്ക്കായി കാരുണ്യ, ചിസ്പ്ലസ് പദ്ധതികള്‍ വഴി 2,70,000 രൂപയോളം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്യാസന്നനിലയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം അവിടെവച്ചുതന്നെ വിലയിരുത്തുന്നതിനും ചികിത്സ നിര്‍ണ്ണയിക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനമാണ് ഉദ്ഘാടനം ചെയ്ത പോര്‍ട്ടബിള്‍ എക്കോമെഷീന്‍. പുതിയ ഇന്‍വേസീവ് ലാബ്, കാര്‍ഡിയോളജി ഐ.സി.യുവിന് സമീപത്താണ് നിര്‍മ്മിക്കുന്നത്. ടി.എം.ടി, ഹോള്‍ട്ടര്‍ മുതലായ, ഹൃദ്രോഗനിര്‍ണ്ണയ പരിശോധനകള്‍ നടത്തുന്ന ഈ ലാബ്, കാര്‍ഡിയോളജി ഒ.പി. വിഭാഗത്തില്‍നിന്നും മാറ്റി ഇവിടെ സ്ഥാപിക്കണമെന്നത്, ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഇതിന്റ നിര്‍മാണം ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു. ചടങ്ങില്‍ എം.എ. വാഹീദ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post